Health Tips

ചെറുപയർ കഴിച്ചോളൂ…ചെറുതല്ല ആരോഗ്യ ഗുണങ്ങൾ

ചെറുപയറിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്

മലയാളിയുടെ ഭക്ഷണ ശീലത്തിൽ ചെറുപയറിന് വലിയ സ്ഥാനമുണ്ട്. നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പയർ വർഗങ്ങളിൽ ഒന്നാണിത്.
പുട്ടും ചെറുപയറും, പത്തിരിയും ചെറുപയറും, കഞ്ഞിയും ചെറുപയറും, ചെറുപയർ പുഴുങ്ങിയത്, മുളപ്പിച്ച ചെറുപയർ സലാഡ് അങ്ങനെ ആ വിഭവങ്ങളുടെ പട്ടിക നീളുന്നു. എന്നാൽ ഈ ചെറുപയറിന്റെ ചെറുതല്ലാത്ത ഗുണങ്ങളെപ്പറ്റി പലർക്കും അറിയില്ല.

പ്രോട്ടീന്റെ മികച്ച ഉറവിടം

സസ്യാധിഷ്ഠിത പ്രോട്ടീൻ്റെയും അവശ്യ അമിനോ ആസിഡുകളുടെയും മികച്ച ഉറവിടങ്ങളിലൊന്നാണ് ചെറുപയർ. ഇത് മുളപ്പിച്ച് കഴിക്കുമ്പോൾ അവയുടെ ആൻ്റി ഓക്സിഡൻറ് പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രോട്ടീൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തെ സംരക്ഷിക്കും

ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഹൃദയത്തിനുണ്ടാകുന്ന വീക്കം, മറ്റ് രോഗങ്ങൾ എന്നിവയും ചെറുക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെറുപയർ.

ദഹന ആരോഗ്യത്തിന് മികച്ചത്

ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന വ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പെക്റ്റിൻ എന്നറിയപ്പെടുന്ന ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കും.
ഇതു കൂടാതെ പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹ നിയന്ത്രണം

പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചെറുപയർ പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന ഭക്ഷണമാണ്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച മാർഗ്ഗമാണ്. ചെറുപയർ കഴിച്ചാൽ കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല.

രക്തസമ്മർദ്ദം നിയന്ത്രിക്കാം

ചെറുപയറിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ടാണ് ഹൈപ്പർ ടെൻഷൻ ഉള്ളവർ ചെറുപയർ കഴിക്കണമെന്ന് പൊതുവേ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, വേവിച്ച ചെറുപയറിൽ വിറ്റാമിനുകൾ, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷി ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവരോ മറ്റ് മരുന്നുകളോ കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button