മുട്ടകൾ കാണാതാവുന്നത് പതിവ്, കള്ളനെ കണ്ടെത്തി ചിതറിയോടി വീട്ടുകാർ, പിടിയിലായത് ആറടി നീളമുള്ള മൂർഖൻ

കടുത്തുരുത്തി: കോഴികൾ ഇടുന്ന മുട്ടകൾ കാണാതാവുന്നത് പതിവ്. കാവലിരുന്ന് കള്ളനെ കണ്ടെത്തി വീട്ടുകാർ. എന്നാൽ തൊണ്ടിയോടെ കള്ളനെ കണ്ടതോടെ കോഴിക്കൂട്ടിൽ നിന്ന് ഭയന്ന് നിലവിളിച്ച് ഓടേണ്ട സ്ഥിതിയിലായ വീട്ടുകാർക്ക് രക്ഷകരായി വനംവകുപ്പ്. കടുത്തുരുത്തിയിലെ ആയാംകുടി മധുരവേലി ആറ്റിക്കരപ്പറമ്പിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ആഴ്ചകളായി മുട്ടകൾ മോഷണം പോവുന്നത് പതിവായിരുന്നു. മുട്ടകളിടുന്ന കോഴികൾ ബഹളം വയ്ക്കുന്നത് കേൾക്കുന്നത് പതിവായിരുന്നെങ്കിലും മുട്ടയെടുക്കാനെത്തുമ്പോൾ കാലിയായ കൂടായിരുന്നു വീട്ടുകാരെ കാത്തിരുന്നത്. അതി വിദഗ്ധമായി കോഴിമുട്ടകൾ അടിച്ച് മാറ്റുന്ന കള്ളനെ പിടികൂടണമെന്ന് വീട്ടുകാർ ഇതോടെ ഉറപ്പാക്കി. കഴിഞ്ഞ ദിവസം കോഴി മുട്ടയിട്ടതിന് പിന്നാലെ കോഴിക്കൂട്ടിലേക്ക് എത്തിയ വീട്ടുകാരനെ കാത്തിരുന്നത് പത്തി വിടർത്തിയിരുന്ന മൂർഖൻ പാമ്പായിരുന്നു. കൂട്ടിലുണ്ടായിരുന്ന മുട്ടകളും അകത്താക്കിയ ക്ഷീണത്തിൽ വീട്ടുകാർ എത്തിയതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായി പാമ്പും. ആളുകളെ കണ്ട് പാമ്പും പത്തി വീശിയതോടെ വീട്ടുകാർ വനം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. കോഴിക്കൂട്ടിൽ കയറിയ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ കോട്ടയം എസ്ഐപി സ്നേക്ക് റെസ്ക്യൂ ടീമിലെ കുറുപ്പന്തറ ജോമോൻ ശാരിക എത്തിയാണ് പിടികൂടിയത്. തുടർന്ന് മുട്ടയടക്കം മൂർഖൻ പാമ്പിനെ വനം വകുപ്പിന് കൈമാറുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാണക്കാരിയിൽ നിന്ന് എട്ട് അടിയോളം നീളമുള്ള മൂർഖനേയും 31 മുട്ടകളും ജോമോൻ പിടികൂടിയിരുന്നു. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്.
