എട്ടു വയസ്സുകാരൻ ആമസോണിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം രൂപ !, ഞെട്ടി മാതാപിതാക്കൾ

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ വഴി മാതാപിതാക്കൾ അറിയാതെ കുട്ടികൾ സാധനങ്ങൾ ഓർഡർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സമീപ കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അവയെല്ലാം പരിശോധിച്ചാലും ഇതുപോലൊരു ഓർഡർ ആരും ചെയ്തു കാണാൻ വഴിയില്ല. കെന്റക്കിയിൽ ഒരു എട്ട് വയസ്സുകാരൻ മാതാപിതാക്കൾ അറിയാതെ ആമസോൺ വഴി ഓർഡർ ചെയ്തത് ഒന്നും രണ്ടുമല്ല എഴുപതിനായിരം ലോലിപോപ്പുകള്‍. അതായത് 3.3 ലക്ഷം രൂപയുടെ ലോലിപോപ്പുകൾ. കെന്റക്കിയിലെ ഹോളി ലാഫേഴ്സിന്റെ 8 വയസ്സുള്ള മകൻ ലിയാം ആണ് അമ്മയുടെ ഫോൺ ഉപയോഗിച്ച് എഴുപതിനായിരത്തോളം ലോലിപോപ്പുകൾക്ക് ഓർഡർ കൊടുത്തത്. പിന്നീട് ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ ഓർഡർ ലാഫേഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവരത് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. കാരണം അതിനോടകം തന്നെ 22 വലിയ പെട്ടികളിലായി ലോലിപോപ്പ് അവരുടെ വീട്ടുപടിക്കൽ എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴായിരുന്നു ലാഫേഴ്സ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്. 4,000 ഡോളർ അതായത് 3.3 ലക്ഷം രൂപയായിരുന്നു ആ ഒറ്റ ഓർഡറിന്റെ പേരില്‍ ബാങ്കില്‍ നിന്നും നഷ്ടപ്പെട്ടത്. ഇവയെല്ലാം കണ്ടപ്പോൾ താൻ ബോധരഹിതയായി പോയിയെന്നാണ് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ ഇവർ പറഞ്ഞത്. അവിടം കൊണ്ടും കഥ തീർന്നില്ല. ഫോൺ വീണ്ടും പരിശോധിച്ചപ്പോഴാണ് എട്ടുപെട്ടി ലോലിപോപ്പുകൾ കൂടി വരുന്നുണ്ടെന്ന് ലാഫേഴ്സ് മനസ്സിലാക്കിയത്. ഒടുവിൽ കൊറിയർ സർവീസുകാരുമായി ബന്ധപ്പെട്ട് ആ പാക്കേജുകൾ തിരിച്ചയക്കാൻ അവർക്ക് സാധിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായ ഉടനെ തന്നെ താൻ ആമസോണുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ വിശദമാക്കിയപ്പോൾ സാധനം തിരികെ എടുത്ത് പണം തിരികെ നിൽക്കാമെന്ന് സമ്മതിച്ചതായുമാണ് ലാഫേഴ്സ് പറയുന്നത്.
