ചാമ്പ്യൻസ് ട്രോഫിയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക സെമിയിൽ, അഫ്ഗാൻ പുറത്ത്

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തകർന്നടിഞ്ഞതോടെ മത്സരം പൂർത്തിയാകും മുൻപ് സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ൻ ഇതോടെ ടൂർണമെന്റിൽ നിന്ന് പുറത്തായി. പ്രോട്ടീസിനെതിരെ ഇംഗ്ലണ്ട് 207 റൺസിന്റെ ജയം സ്വന്തമാക്കുകയോ ചേസിങിലാണെങ്കിൽ 11.1 ഓവറിൽ കളി തീർക്കുകയോ ചെയ്താൽ മാത്രമായിരുന്നു അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 179ന് ഓൾഔട്ടായതോടെ മത്സരഫലം വരും മുൻപ് ദക്ഷിണാഫ്രിക്ക അവസാന നാലുറപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ തോറ്റാൽ പോലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പ്രോട്ടീസുകാർക്ക് സെമിയിലെത്താനാകും. ഇന്ത്യ, ആസ്‌ത്രേലിയ,ന്യൂസിലൻഡ് ടീമുകൾ നേരത്തെ സെമി യോഗ്യത നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിലെ അവസാന പന്തിൽ ഫിൽ സാൾട്ടിനെ(8) മടക്കി മാർക്കോ ജാൻസൻ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൊട്ടു പിന്നാലെ ജാമി സ്മിത്തിനെ(0) ജാൻസൻ എയ്ഡൻ മാർക്രത്തിന്റെ കൈകളിലെത്തിച്ചു. മികച്ച ഫോമിലുള്ള ബെൻ ഡക്കറ്റിനേയും(24) മടക്കി. ഇതോടെ ഒരുവേള 37-3 എന്ന നിലയിലായി ത്രീലയൺസ്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട്-ഹാരി ബ്രൂക്ക് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. ബ്രൂക്കിനെ(19) മാർക്കോ ജാൻസന്റെ കൈകളിലെത്തിച്ച് കേശവ് മഹാരാജ് നിർണായക ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ലിവിങ്സ്റ്റൺ(9),ജാമി ഓവർട്ടൻ(11) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഒൻപതാമനായി നായകൻ ജോസ് ബട്‌ലർ(21)കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് പോരാട്ടം 200 കടക്കാതെ അവസാനിച്ചു. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇംഗ്ലണ്ട് നേരത്തെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു
