അധ്യാപകന് അടികിട്ടിയാലും കുട്ടിയെ അടിക്കാൻ പാടില്ല’; ക്യാമ്പസ് സംഘർഷത്തിനുള്ള സ്ഥലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള സംഘർഷങ്ങൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉണ്ടാവാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകന് അടിയേറ്റാൽ പോലും തിരിച്ച് കുട്ടിയെ മർദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അഞ്ചാലുംമൂടിൽ പ്ലസ് ടു വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ വിഷയത്തിൽ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിനുപുറമെ, പ്രശ്നത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ആദ്യം അധ്യാപകനെ മർദ്ദിച്ചത് വിദ്യാർഥിയാണെന്നും അതിനുശേഷമാണ് അധ്യാപകൻ തിരിച്ച് മർദ്ദിച്ചതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകന്റെ നടപടി ഒരു കാരണവശാലും ശരിയല്ലെന്നും വിദ്യാർഥികളെ തല്ലരുതെന്നാണ് സർക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ-ടെറ്റ് യോഗ്യതയെ സംബന്ധിച്ച വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടാനുള്ള സുപ്രീം കോടതി വിധി കേരളത്തിൽ നടപ്പിലാക്കിയാൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും. അതിനാൽ വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകും.
പോലീസ് കസ്റ്റഡി മർദ്ദനങ്ങൾ സംബന്ധിച്ച്, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ നയം. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ ചില മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. പ്രതിപക്ഷത്തിന് അനുകൂലമായി വാർത്തകൾ നൽകുന്ന മാധ്യമങ്ങളുമുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പോലീസ് അതിക്രമങ്ങൾ നടന്നതെന്നും മന്ത്രി ആരോപിച്ചു.
