Entertaiment

എമ്പുരാനനോളം വരില്ലെങ്കിലും വിടാതെ മമ്മൂക്കയും: ബസൂക്ക പ്രീ സെയിലില്‍ ഉണ്ടാക്കുന്ന ഓളം ഇങ്ങനെ !

കൊച്ചി: മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ ശ്രദ്ധ നേടിയ ചിത്രമാണ് ബസൂക്ക. സ്റ്റൈലിഷ് ​ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ചിത്രം വലിയ കാത്തിരിപ്പിന് ശേഷമാണ് ഏപ്രില്‍ 10ന് തീയറ്ററുകളില്‍ എത്തുന്നത്. തിങ്കളാഴ്ചയാണ്  ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യദിവസത്തെ അഡ്വാന്‍സ് ബുക്കിം​ഗ് സംബന്ധിച്ച ആദ്യ ബോക്സ് ഓഫീസ് കണക്കുകളും ട്രാക്കര്‍മാകും മറ്റും പുറത്തുവിട്ടിരിക്കുകയാണ്.  ഏപ്രില്‍ 7 തിങ്കളാഴ്ച 12 മണിക്കാണ് ബസൂക്കയുടെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. പ്രധാന സെന്‍ററുകളിലെ 9 മണിയുടെ ആദ്യ ഷോ അടക്കം ആദ്യ മണിക്കൂറുകളില്‍ത്തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിം​ഗായിരിക്കുകയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി നടത്താത്ത ചിത്രത്തെ സംബന്ധിച്ച് മോശമല്ലാത്ത പ്രതികരണമാണ് ആദ്യദിവസത്തെ ബുക്കിം​ഗില്‍ ലഭിച്ചത്. ചില ട്രാക്കര്‍മാരുടെ വിവരം അനുസരിച്ച് കേരളത്തില്‍ ആദ്യദിവസം 43 ലക്ഷത്തിന്‍റെ ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് വിവരം. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ 1 ലക്ഷത്തിന്‍റെ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള കണക്കുകളാണ്. അതേ സമയം വിദേശ കണക്കുകളും ചേര്‍ത്ത് ചില ഫാന്‍സ് പേജുകള്‍ 1 കോടിക്ക് അടുത്ത് പ്രീ സെയില്‍ എന്ന കണക്കുകളും പറയുന്നുണ്ട്.  നേരത്തെ ട്രാക്കര്‍മാരായ  ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ബുക്കിംഗ് ആരംഭിച്ച് ആദ്യ എട്ടു മണിക്കൂറില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 26.50 ലക്ഷം രൂപയാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിം​ഗ് കണക്കുകളാണ് ഇത്.  അതേസമയം റിലീസിന് രണ്ട് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ അഡ‍്വാന്‍സ് ബുക്കിം​ഗില്‍ ചിത്രം ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധ്യതയുണ്ട്. ആദ്യ ദിന പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം ബോക്സ് ഓഫീസില്‍ വലിയ ചാന്‍സ് ആണ് മമ്മൂട്ടി ചിത്രത്തിന് മുന്നിലുള്ളത്.  ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button