പണിക്ക് പോയില്ലെങ്കിലും ജീവിക്കാം, എന്നാലും പോവും, 80 കോടി ലോട്ടറിയടിച്ച യുവാവ്

ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ ഒരു പണിയും ചെയ്യാതെ വീട്ടിലിരിക്കാമായിരുന്നുവെന്ന് സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, 80 കോടിയുടെ മഹാഭാഗ്യം തേടിയെത്തിയിട്ടും തൻ്റെ ജോലിക്കായി മുടങ്ങാതെ എത്തി വിസ്മയം ജനിപ്പിക്കുകയാണ് യുകെ സ്വദേശിയായ ഒരു ഇരുപതുകാരൻ. കാർലിസിൽ നിന്നുള്ള 20 വയസ്സുള്ള ട്രെയിനി ഗ്യാസ് എഞ്ചിനീയർ ജെയിംസ് ക്ലാർക്‌സനാണ് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്‌പോട്ട് ലഭിച്ചത്. എന്നാൽ കോടിപതിയായിട്ടും മുടങ്ങാതെ ജോലിക്ക് എത്തി സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ. താൻ ചെറുപ്പമാണെന്നും തനിക്ക് അധ്വാനിക്കാൻ ഇനിയും സമയം ബാക്കിയുണ്ടെന്നുമാണ് ജെയിംസിന്റെ വാദം. കൂടാതെ ജാക്ക്പോട്ട് ലഭിച്ച തുകയിൽ ഒരു വിഹിതം ഇദ്ദേഹം വീണ്ടും കൂടുതൽ ജാക്ക്പോട്ട് ടിക്കറ്റുകളിൽ നിക്ഷേപിച്ചതായാണ് ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം അതിരാവിലെയാണ് തനിക്ക് ജാക്ക്പോട്ട് അടിച്ചു എന്ന വിവരം നാഷണൽ ലോട്ടറിയിൽ നിന്നും താൻ അറിഞ്ഞത് എന്നും കേട്ടപ്പോൾ സ്വപ്നമാണെന്നാണ് ആദ്യം കരുതിയത് എന്നുമാണ് ജെയിംസ് പറയുന്നത്. പിന്നീട് കുടുംബാംഗങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ വീണ്ടും പരിശോധിച്ചുറപ്പാക്കി എന്നും അദ്ദേഹം പറയുന്നു. ലോട്ടറി അടിച്ചു എന്നതുകൊണ്ട് തൻറെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ പോകുന്നില്ലെന്നും തുടർന്നും ജോലി ചെയ്തു തന്നെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ് ജെയിംസ് പറയുന്നത്. ജാക്ക്പോട്ട് തുകയെ ഒരു സമ്പാദ്യം മാത്രമായി കാണുന്നുവെന്നും മുൻപോട്ടും അധ്വാനിച്ച് തന്നെ ജീവിക്കും എന്നും ഈ 20 -കാരൻ വ്യക്തമാക്കുന്നു. ഇപ്പോൾ ജോലിക്ക് വരുമ്പോൾ പലരും തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും പക്ഷേ അത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ജെയിംസ് കൂട്ടി ചേർത്തു.
