National

10 രൂപയെച്ചൊല്ലി തർക്കം, മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനെ പൊതിരെ തല്ലി ബസ് കണ്ടക്ടർ

ജയ്പൂർ: 10 രൂപ അധികം നൽകാൻ വിസ്സമ്മതിച്ചതിന് 75കാരനായ റിട്ടയേർഡ് ഐഎഎസ് ഉദ്യോ​ഗസ്ഥനെ ബസ് കണ്ടക്ടർ മർദ്ദിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായി. മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ആർഎൽ മീണക്കാണ് മർദ്ദനമേറ്റത്. മീണ, അദ്ദേഹത്തിന്റെ സ്റ്റോപ് നഷ്ടമായതിനെ തുടർന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാൻ 10 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.  വിസ്സമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടർ ഇദ്ദേഹത്തെ കൈയേറ്റം ചെയ്തു.  ആർഎൽ മീണ ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ സ്റ്റോപ്പിനെക്കുറിച്ച് കണ്ടക്ടർ അറിയിച്ചില്ല. തുടർന്ന് ബസ് നൈലയിലെ അടുത്ത സ്റ്റോപ്പിൽ എത്തി. കണ്ടക്ടർ മീണയോട് അധിക കൂലി ചോദിച്ചപ്പോൾ തർക്കമുണ്ടാകുകയും അധികം പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് വാക്കുതർക്കം കൈയാങ്കളിയിലെത്തി. മീണയെ കണ്ടക്ടർ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. ബസിലെ ഇതര യാത്രക്കാരുടെ മുന്നിൽവെച്ചായിരുന്നു മർദ്ദനം. കണ്ടക്ടർ ഘനശ്യാം ശർമ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച കനോട്ട പൊലീസ് സ്റ്റേഷനിൽ മീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം നടക്കുകയും ചെയ്തു. കുറ്റാരോപിതനായ കണ്ടക്ടറെ മോശം പെരുമാറ്റത്തിന് ജയ്പൂർ സിറ്റി ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button