
ദുബൈ: യുഎഇയിൽ സുഹൃത്തുക്കളുമായുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രവാസിയായ ഒരാൾക്ക് ദാരുണാന്ത്യം. 40 വയസ്സുള്ള ചൈനയിൽ നിന്നുള്ള ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടയാൾ തന്റെ രണ്ട് സുഹൃത്തുക്കളെയും താമസയിടത്തേക്ക് വിളിപ്പിക്കുകയായിരുന്നു. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ ടവറിലെ 36ാം നിലയിലുള്ള ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഭാര്യയോടൊപ്പം ഇയാൾ താമസിച്ചിരുന്നത്. സുഹൃത്തുക്കൾ വീട്ടിൽ എത്തിയ അതേസമയം ഭാര്യയോട് മറ്റൊരു മുറിയിൽ പോകാൻ ഭർത്താവ് ആവശ്യപ്പെട്ടതായി ഭാര്യ പോലീസിനോട് പറഞ്ഞു. ആ സമയം തന്നോടൊപ്പം തന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നെന്നും അവർ പോലീസിനോട് പറഞ്ഞു. കുറച്ചുസമയങ്ങൾക്ക് ശേഷം മൂന്ന് പേർക്കുമിടയിൽ പണത്തെപ്പറ്റിയുള്ള തർക്കം ഉണ്ടാവുകയായിരുന്നു. ഭർത്താവിന്റെ നിലവിളി കേട്ടാണ് താൻ അവർക്കരികിലേക്ക് ഓടിയെത്തിയതെന്നും എത്തിയപ്പോൾ കണ്ടത് പൂളിനരികിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണെന്നും അവർ പോലീസിനെ അറിയിച്ചു. നെഞ്ചിൽ കത്തി കൊണ്ട് കുത്തേറ്റിരുന്നു. കുത്തേറ്റയാൾ അമിത രക്തശ്രാവം മൂലം സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ദുബൈ പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സംശയിക്കപ്പെട്ടിരുന്ന സുഹൃത്തുക്കളായ രണ്ട് പേരെയും മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ രണ്ടു പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരിൽ നിന്നുമായി കൊല്ലപ്പെട്ടയാൾ 1,80,000 ദിർഹം കടം വാങ്ങിയിരുന്നെന്നും എന്നാൽ അത് തിരിച്ചുതരാൻ അയാൾ തയാറായില്ല എന്നതുകൂടാതെ തങ്ങളെ പരിഹസിച്ചതായും ചോദ്യം ചെയ്യലിൽ രണ്ടുപേരും പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ താമസസ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ സമീപത്തുള്ള കടയിൽ നിന്നും കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. കത്തി കൊണ്ടാണ് കുത്തിയതെന്നും ശേഷം രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പോലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഇപ്പോൾ കോടതിയിൽ വിചാരണ നടക്കുകയാണ്. കേസിൽ ഉടൻതന്നെ വിധിയുണ്ടാകും.
