
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ച് പ്രതി ചെന്താമര. പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷം തൻ്റെ ആദ്യലക്ഷ്യമെന്ന് പറഞ്ഞ ഇയാൾ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിൻ്റെ കാരണവും പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 2019 ൽ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും അമ്മയെയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു. പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി ഇന്നലെ രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് പിടികൂടിയത്. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷൻ പരിസരത്തേക്ക് അപ്പോഴേക്കും ഇരച്ചെത്തിയ ജനക്കൂട്ടം പ്രതിയെ കൈയ്യിൽ കിട്ടണമെന്ന നിലപാടിലാണ്.
