
ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ ഡോക്ടര്‍ ചികിത്സിച്ച ഏഴ് പേർ മരിച്ചു. വ്യാജ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. ദാമോ ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി ചികിത്സ നടത്തിയ നരേന്ദ്ര യാദവിന്റെ തട്ടിപ്പാണ് പുറത്തുവന്നത്. യുകെയിൽ നിന്നുള്ള ഡോക്ടർ നരേന്ദ്ര ജോൺ ക്യാമ് എന്ന വ്യാജേനെയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഹൃദ്രോഗ വിദഗ്ധൻ എന്ന വ്യാജേന ഇയാൾ ആശുപത്രിയിൽ നിരവധി ശാസ്ത്രക്രിയകൾ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് മരണപ്പെട്ട ഏഴുപേരും. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു മിഷനറി ആശുപത്രിയിലാണ് നരേന്ദ്ര യാദവ് ജോലി ചെയ്തിരുന്നത്. ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ‘ഡോ. എൻ ജോൺ കാമ്’ എന്ന പേര് ഉപയോഗിക്കുന്ന ഒരാൾ വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടുകയും പരിശീലനം നേടുകയും ചെയ്തതായി സ്വയം അവകാശപ്പെടുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയിൽ പറയുന്നു. യഥാർത്ഥത്തിൽ ഈ വ്യക്തിയുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് പരാതിക്കാരൻ ആരോപിച്ചു. രോഗികളെ തെറ്റിദ്ധരിപ്പിക്കാൻ യുകെയിലെ പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ പ്രൊഫസർ ജോൺ കാമ്മിന്റെ പേര് ഇയാൾ ദുരുപയോഗം ചെയ്തു. ഇയാളുടെ തെറ്റായ ചികിത്സ കാരണമാണ് രോഗികൾ മരിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. മിഷനറി ആശുപത്രി പ്രധാനമന്ത്രി ആയുഷ്മാൻ യോജനയുടെ കീഴിലാണ് വരുന്നത്. അതിനാൽ സർക്കാർ പണവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
