CrimeKerala

തൃശൂരിൽ ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

തൃശൂര്‍: ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടില്‍ ഗോള്‍ഡന്‍ എന്ന് വിളിക്കുന്ന സതീശന്‍,  ഇയാളുടെ മകന്‍ മായപ്രയാഗ് എന്നിവരെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൊപ്രക്കളത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടില്‍ സഗീറിനെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി അഞ്ചാം തീയതി കൊപ്രക്കളത്തുള്ള സഗീറിന്റെ ആധാരമെഴുത്ത് ഓഫീസില്‍ സതീശന്റെ പേരിലുള്ള വസ്തു വില്‍ക്കുന്നതിനായി ആധാരം പരിശോധിക്കുന്നതിന് എല്‍പ്പിച്ചിരുന്നു.  ആധാരം പരിശോധിച്ച് വസ്തുവിന്റെ കീഴാധാരത്തിലെ അപാകതകള്‍ വസ്തു വാങ്ങാമെന്ന് സമ്മതിച്ചിരുന്ന ബിജീഷിനെ  അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് സതീശനും മകനും കൂടി സഗീറിന്റെ കൊപ്രക്കളത്തുള്ള ആധാരമെഴുത്ത് ഓഫീസിലേക്ക് അതിക്രമിച്ച് ചെന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കുറിച്ച് അന്വേഷിച്ചതില്‍ വാടാനപ്പള്ളി ഭാഗത്ത് ഉണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിദേശത്തുള്ള കൂട്ടുകാരന്റെ വാടനപ്പള്ളിയിലുള്ള വസതിയില്‍ നിന്ന് കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു, സബ് ഇന്‍സ്‌പെക്ടര്‍ സൂരജ്, പൊലീസ് ഡ്രൈവര്‍ അനന്തുമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗില്‍ബര്‍ട്ട് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സതീശന് കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ 2003ല്‍ വധശ്രമക്കേസും 2006 ല്‍ കൊലപാതകക്കേസും 2008ല്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടി കേസും 2018ല്‍ മതിലകം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും 2019ല്‍ കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുള്ള കേസും അടക്കം 11 ക്രിമിനൽ കേസുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button