World

തീ കത്തിച്ചിട്ട് കെടുത്താതെ പോയി, 15,000 ഏക്കർ കത്തിനശിച്ചു, 19 -കാരനെതിരെ കേസ് 

ന്യൂ ജേഴ്‌സിയിലെ പൈൻലാൻഡ്‌സ് മേഖലയിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് 19 വയസുകാരനെതിരെ കേസ്. 2007 -ന് ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയായി ഇത് മാറുമെന്നാണ് വ്യാഴാഴ്ച പ്രോസിക്യൂട്ടർമാർ കാട്ടുതീയെ കുറിച്ച് പറഞ്ഞത്. പൈൻലാൻഡ്‌സ് മേഖലയിൽ ഇതിനകം 15,000 ഏക്കറാണ് കാട്ടുതീയിൽ കത്തിനശിച്ചത്. ഓഷ്യൻ കൗണ്ടിയിലെ ഗ്രീൻവുഡ് ഫോറസ്റ്റ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്റ് ഏരിയയിൽ ജോൺസ് റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് കാട്ടുതീ പടർന്ന് തുടങ്ങിയത്. തീ കത്തിച്ചത് ശരിയായ രീതിയിൽ യുവാവ് കെടുത്താതെ പോയതാണ് ഇത്രയും വലിയ കാട്ടുതീക്ക് കാരണമായി തീർന്നത് എന്നാണ് ഓഷ്യൻ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞത്. 19 -കാരനായ ജോസഫ് ക്ലിങ്ങിനെതിരെ ഇത്രയും വലിയ തീപിടിത്തത്തിന് കാരണമായതിനാണ് കേസെടുത്തിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. യുവാവ് ഇവിടെ മരക്കഷ്ണങ്ങൾ വച്ച് തീ കത്തിച്ച ശേഷം അത് ശരിയായ രീതിയിൽ അണയ്ക്കാതെ ഇവിടെ നിന്നും പോവുകയായിരുന്നു എന്നും അതാണ് 15000  ഏക്കറോളം കാട് കത്തിനശിക്കാനുള്ള കാരണമായി തീർന്നത് എന്നും പ്രസ്താവനയിൽ പറയുന്നു.  ആസ്ബറി പാർക്കിനും അറ്റ്ലാന്റിക് സിറ്റിക്കും ഇടയിലുള്ള ജനവാസമില്ലാത്ത പ്രദേശത്താണ് തീ ആളിപ്പടർന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ 50 ശതമാനം തീയും നിയന്ത്രണവിധേയമാക്കിയതായി ന്യൂജേഴ്‌സി ഫോറസ്റ്റ് ഫയർ സർവീസ് അറിയിച്ചു.  ഓഷ്യൻ കൗണ്ടി നിവാസിയായ 19 -കാരനെ ടൗൺഷിപ്പ് പൊലീസ് ആസ്ഥാനത്താണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ ഓഷ്യൻ കൗണ്ടി ജയിലിലേക്ക് മാറ്റുകയും ചെയ്തു. തടങ്കൽ വാദം കേൾക്കുന്നതുവരെ ഇയാളെ അവിടെയാണ് പാർപ്പിക്കുക. 2007 -ൽ ന്യൂജേഴ്സിയിലുണ്ടായ കാട്ടുതീ 17,000 ഏക്കർ കാടാണ് നശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button