നിരോധിച്ച വലയുമായി മീൻപിടിത്തം, ‘ഗോഡ്സ് പവർ’ ബോട്ടിന് പണികിട്ടി; പിടികൂടി 2.5 ലക്ഷം പിഴയിട്ട് ഫിഷറീസ് വകുപ്പ്

തൃശൂർ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്- കോസ്റ്റൽ പൊലീസ് സംയുക്ത പരിശോധനയിൽ പിടികൂടി. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പിൽ വീട്ടിൽ കെ.ആർ. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് പവർ ബോട്ടാണ് ബ്ലാങ്ങാട് തീരത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ ദൂരെ നിന്ന് പിടിച്ചെടുത്തത്. ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കാൻ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തന്നൂരാൻ നിർദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യം അവർത്തിക്കുന്ന യാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമ, മുനക്കകടവ് കോസ്റ്റൽ ഐ.എസ്.എച്ച്.ടി.പി ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ്.ഐമാരായ സുമേഷ് ലാൽ, ലോഫി രാജ്, കെ.ബി. ജലീൽ, എ.എസ്.ഐ പി.എം. ജോസ്, മറൈൻ എൻഫോഴ്സ് ആന്റ് വിജിലൻസ് വിങ്ങ് ഓഫിസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, മെക്കാനിക്ക് ജയചന്ദ്രൻ, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, അജിത്ത്, സ്രാങ്ക് റസാക്ക് മുനക്കകടവ്, അഖിൻ, സുജിത്ത് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്.
