Kerala

അഞ്ച് കുട്ടികൾക്ക് മുണ്ടിനീര്: പെരുമ്പളം എല്‍.പി.എസ് സ്‌കൂളിന് ഇന്ന് മുതൽ 21 ദിവസം അവധി

ചേർത്തല: ആലപ്പുഴയിൽ ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍.പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കാനാണ് നടപടി. സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്ന് കളക്ടർ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. എന്താണ് മുണ്ടിനീര്? ലക്ഷണങ്ങൾ എന്തൊക്കെ? മുണ്ടിനീര്, മുണ്ടിവീക്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മംപ്‌സ് പാരാമിക്‌സോവൈറസ് എന്ന രോഗാണു വഴിയാണ് ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ ശ്വാസനാളത്തിൽ നിന്നുള്ള സ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പടരുന്നു.  വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഉമിനീർ ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. നേരിയ പനി, തലവേദന, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ഉമിനീർ ഗ്രന്ഥികളുടെ വീക്കം വേദനയുണ്ടാക്കുന്നതിനാൽ വായ തുറക്കുന്നതിനും ഭക്ഷണം ‌ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും  പ്രയാസം അനുഭവപ്പെടാം.  ചെറിയ കുട്ടികളിലാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും കൗമാരക്കാരും മുതിർന്നവരും അണുബാധയ്ക്ക് ഇരയാകുന്നു. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം. എംഎംആർ വാക്സിൻ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാർഗം. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും പ്രധാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button