സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ അഞ്ച് മരണം; ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടുക്കി/ കോട്ടയം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. ഇടുക്കിയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് പേരും കോട്ടയം ജില്ലയിലെ വൈക്കത്ത് ബൈക്ക് അപകടത്തില്‍ ഒരു മരണവുമാണ് ഉണ്ടായത്. വൈക്കം മൂത്തേടത്തുകാവ് റോഡിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനാണ് മരിച്ചത്. വിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന, ഡ്രൈവർ തത്തംപിള്ളിൽ എബ്രഹാം എന്നിവരാണ് മരിച്ചത്. കായിക താരം കെ എം ബീന മോളുടെ സഹോദരിയാണ് റീന. ഇടുക്കി കട്ടപ്പനയിലും വാഹനാപകടത്തിൽ ഒരു മരണമുണ്ടായി. കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ കാർ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. Also Read: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം ഒരു വാഹനപകടം ഉണ്ടായി. പിക് അപ്പ് വാനും ലോറിയും ട്രാവലറൂം കൂട്ടിയിടിച്ചാണ് അപകടം. നാല് പേർക്കാണ് പരിക്കേറ്റു. ലോറി ചുരം കയറുമ്പോൾ പിന്നോട്ട് നിരങ്ങി മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
