ഗൂഗിൾ മാപ്പ് നോക്കി 5 പേർ കുട്ടനാട് കാണാനിറങ്ങി, കുറേ ദൂരം മുന്നോട്ടെത്തി, വളച്ച കാർ വീണത് തോട്ടിൽ!

കുട്ടനാട്: കാറിൽ കുട്ടനാട് കാണാനിറങ്ങിയ അഞ്ച് യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു. കാർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നെങ്കിലും 5 പേരും രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപമാണ് അപകടം. കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ യുവാക്കൾ. പുളിങ്കുന്നിലെ പഴയ സർക്കിൾ ഓഫീസ് ഭാഗത്ത് എത്തിയ യുവാക്കൾ വലിയ പള്ളിയിലേക്കു പോകേണ്ട റോഡിനു പകരം സമാന്തരമായി തോടിനു മറുകരയുള്ള റോഡിലൂടെയാണു സഞ്ചരിച്ചത്. രണ്ടു റോഡുകളും സാമന്തരമായി ചേർന്നു കിടക്കുന്നതിനാൽ തിരിച്ചറിയാനായില്ല. റോഡിൽ കൂടി കുറേ ദൂരം എത്തിയശേഷം വളവുള്ള ഭാഗത്ത് എത്തി അബദ്ധത്തിൽ തോട്ടിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു. കാർ അപകടത്തിൽ പെട്ടപ്പോൾ സമീപവാസിയായ ലിജോ ജയിംസ് ഓടിയെത്തിയെങ്കിലും അതിനു മുൻപേ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങി കരയിലെത്തി. തുടർന്നു മറ്റൊരു കാർ എത്തിച്ച് യുവാക്കൾ പോയി. ഏതാനും മാസം മുൻപ് ഗൂഗിൾ മാപ്പ് നോക്കി വന്ന ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.
