ഒരോവറിൽ അഞ്ചു സിക്സുകൾ, പരാഗിന്‍റെ വെടിക്കെട്ട് വിഫലം; ലാസ്റ്റ് ഓവർ ത്രില്ലറിൽ രാജസ്ഥാനെതിരെ കൊൽക്കത്തക്ക് ഒരു റൺ ജയം

ജയ്പുര്‍: ഐ.പി.എല്ലിൽ ലാസ്റ്റ് ഓവറിലെ അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റൺ ജയം. കൊൽക്കത്തയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നായകൻ റയാഗ് പരാഗിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയും അവസാന ഓവറിൽ ഇംപാക്ട് പ്ലെയർ ശുഭം ദുബെയുടെ വമ്പനടികളുമാണ് മത്സരം ലാസ്റ്റ് ഓവർ ത്രില്ലറിലെത്തിച്ചത്. ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ കാത്തു. സ്കോർ- കൊൽക്കത്ത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ്. രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റിന് 205 റൺസ്. അഞ്ചു റൺസ് അകലെയാണ് പരാഗിന് സെഞ്ച്വറി നഷ്ടമായത്. 45 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്. മുഈൻ അലി എറിഞ്ഞ 13ാം ഓവറിൽ അഞ്ചു സിക്സുകളാണ് പരാഗ് നേടിയത്. വൈഭവ് അറോറ എറിഞ്ഞ അവസാന ഓവറിൽ 23 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. രാജസ്ഥാനായി ക്രീസിൽ ദുബെയും ജൊഫ്ര അർച്ചറും. ദുബെ മൂന്നാം പന്ത് സിക്സും നാലാം പന്ത് ഫോറും അഞ്ചാം പന്ത് സിക്സും അടിച്ചതോടെ അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ്. ആറാം പന്തിൽ സിംഗ്ളെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം റണ്ണിനായി ഓടിയെങ്കിലും ആർച്ചർ റണ്ണൗട്ടായി. രണ്ടാം മത്സരത്തിലും കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫോറടിച്ച വൈഭവ് നാലാം പന്തില്‍ പുറത്തായി. കൂറ്റനടിക്ക് മുതിര്‍ന്ന വൈഭവിനെ രഹാനെ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വൈഭവ് വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യം റൺസുമായി മടങ്ങിയിരുന്നു. യശ്വസി ജയ്സ്വാൾ (21 പന്തിൽ 34), കിനാൽ സിങ് റാഥോർ (പൂജ്യം), ധ്രുവ് ജുറേൽ (പൂജ്യം), വാനിന്ദു ഹസരംഗ (പൂജ്യം), ഹെറ്റ്മെയർ (23 പന്തിൽ 29), ആർച്ചർ (എട്ടു പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 14 പന്തിൽ 25 റൺസുമായി ദുബെ പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി മുഈൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ആന്ദ്രെ റസ്സലിന്റെയും ആങ്ക്രിഷ് രഘുവംശിയുടെയും ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ രാജസ്ഥാൻ കെ.കെ.ആറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണിങ് ബാറ്റർ സുനിൽ നരെയ്നെ (ഒമ്പത് പന്തിൽ 11 റൺസ്) ബൗൾഡാക്കി യുദ്വീർ മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. മൂന്നാമനായെത്തിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും റഹ്മനുല്ല ഗുർബാസും സ്കോറിങ് മുന്നോട്ട് നീക്കി.രണ്ടാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 25 പന്തിൽ 35 റൺസ് നേടി ഗുർബാസ് തീക്ഷണക്ക് വിക്കറ്റ് നേടി മടങ്ങി. നാല് ഫോറും ഒരു സിക്സറുമടങ്ങിയാണ് താരത്തിന്‍റെ ഇന്നിങ്സ്. നാലാമനായെത്തിയ അങ്ക്രിഷ് രഘുവംശിയും രഹാനെയും സ്കോറിങ്ങിന് വേഗത കൂട്ടാൻ ശ്രമിച്ചു. എന്നാൽ പരിക്ക് വലച്ച രഹാനെ (24 പന്തിൽ 30) രാജസ്ഥാൻ ക്യാപ്റ്റൻ റയാൻ പരാഗിന്‍റെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. ഏവരെയും ഞെട്ടിച്ച് അഞ്ചമനായി ആന്ദ്രെ റസ്സലായിരുന്നു എത്തിയത്. തുടക്കം പതിയെ നീങ്ങിയ സൂപ്പർതാരം പിന്നീട് കത്തിക്കയറി. 25 പന്തിൽ നിന്നും ആറ് പടകൂറ്റൻ സിക്സറും നാല് ഫോറുമടിച്ചാണ് താരത്തിന്‍റെ ഇന്നിങ്സ് അവസാനിച്ചത്. 31 പന്തിൽ നിന്നും അഞ്ച് ഫോറുൾപ്പടെ 44 റൺസ് നേടിയ രഘുവംശി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ റിങ്കു സിങ്ങും (ആറ് പന്തിൽ പുറത്താകാതെ 19 റൺസ്) കത്തിക്കയറിയതോടെ കെ.കെ.ആർ 200 കടന്നു.
