
മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അബ്ദുൽ ലത്തീഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്വകാര്യ ബസുകൾ തടയുകയും പ്രകടനം നടത്തുകയും ചെയ്തു. രാവിലെ 10 മണിയോടെ മലപ്പുറം വടക്കേമണ്ണയിൽ വച്ചാണ് അബ്ദുൽ ലത്തീഫിന് മർദനമേറ്റത്. തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസ്സിലെ ജീവനക്കാരാണ് അബ്ദുൽ ലത്തീഫിനെ ക്രൂരമർദ്ദനത്തിന് ഇര ആക്കിയത്. സ്ഥലത്തെ ബസ്റ്റോപ്പിൽ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയിൽ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഓട്ടോറിക്ഷക്ക് കുറുകെ ബസ് ഇട്ട്, ജീവനക്കാർ ഇറങ്ങി വന്നു ലത്തീഫിന്റെ മർദിക്കുകയായിരുന്നു. നിലവിൽ ബസ്സിലെ മൂന്ന് ജീവനക്കാർ പോലീസിന്റെ കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടതിന് ശേഷം മർദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയാണെങ്കിൽ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ബസ് ജീവനക്കാർക്കെതിരെ ചുമത്തും.
