‘ഇനി നമുക്ക് അർജന്റീന ഫുട്ബാൾ രാജ്യമല്ല, ക്രൂര മനസ്സിന്റെ പ്രതീകമാണ്’യു.എന്നിൽ സ്വതന്ത്ര ഫലസ്തീനെ എതിർത്ത് അർജന്റീന; ആരാധകരോഷം അണപൊട്ടുന്നു

‘കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലാണ് കേരളത്തിലെ അർജന്റീന ആരാധകരിപ്പോൾ. ലോകചാമ്പ്യന്മാരായ ലയണൽ മെസ്സിയും സംഘവും നവംബറിൽ കേരളത്തിൽ പന്തു തട്ടാൻ വരുന്നതിന്റെ ആവേശവും, കാത്തിരിപ്പിന്റെ ത്രില്ലുമെല്ലാം ജനീവയിൽ നടന്ന ഒരു വോട്ടെടുപ്പിൽ കെട്ടുപോയ പോലെ. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പൊതു സഭയിൽ വൻഭൂരിപക്ഷത്തിൽ പാസായ ഫലസ്തീൻ സ്വതന്ത്ര പ്രമേയാണ് ഫലസ്തീൻ അനുകൂലികളായ അർജന്റീന ആരാധകർക്ക് തിരിച്ചടിയായി മാറിയത്. ‘ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ’ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. എന്നാൽ, എതിർത്ത് വോട്ടുചെയ്ത ഇസ്രയേൽ, അമേരിക്ക തുടങ്ങിയ 10 രാജ്യങ്ങുടെ കൂട്ടത്തിൽ ലോകമെങ്ങും ആരാധകരുള്ള അർജന്റീനയും ഉണ്ട്. ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരഗ്വേ, ട്വോംഗ എന്നിവരാണ് എതിർത്ത പത്തു രാജ്യങ്ങളിലുള്ളവർ. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇസ്രയേലില് ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നത് കൂടിയാണ് പ്രമേയം. മിശിഹയെ തള്ളി ഫാൻഗ്രൂപ്പുകളിൽ ഫൈറ്റ് സ്വതന്ത്ര ഫലസ്തീൻ എന്ന മധ്യപൂർവേഷ്യയുടെ ശാശ്വത സമാധാന സ്വപ്നത്തെ എതിർത്തവരിൽ അർജന്റീനയുമുണ്ടെന്ന വാർത്തക്കു പിന്നാലെ ആരാധക ഗ്രൂപ്പുകളിൽ പൊട്ടിത്തെറിയായി മാറുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീനയും ലയണൽ മെസ്സിയും കേരളത്തിലേക്ക് വരുന്നുവെന്നുറപ്പിച്ചതിനു പിന്നാലെയാണ് അർജന്റീനയുടെ ഫലസ്തീൻ വിരുദ്ധ നിലപാടെന്നതാണ് ആരാധകരെ ഇപ്പോൾ പ്രകോപിപ്പിക്കുന്നത്. ലയണൽ മെസ്സിയുടെ അർജന്റീനയുടെ ഇസ്രയേൽ അനുകൂല സമീപനത്തെ ആയുധമാക്കിയാണ് ഫാൻ ഗ്രൂപ്പുകളിൽ ഫൈറ്റ് ജോറാവുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ അവസരം ഉപയോഗപ്പെടുത്തി മെസ്സിക്കെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയും കുറവല്ല. ഫലസ്തീൻ അനുകൂല നിലപാടുകളുമായി ശ്രദ്ധേയനാണ് ക്രിസ്റ്റ്യാനോ എന്നതും ശ്രദ്ധേയം. റയൽ മഡ്രിഡ് താരമായിരിക്കെ ഗസ്സയിലെ സ്കൂളുകൾക്ക് സഹായം നൽകിയും, ഇസ്രായേൽ ആക്രമണത്തിൽ അനാഥരായ ഫലസ്തീനി കുട്ടികളെ സന്ദർശിച്ചുമെല്ലാം താരം നിലപാട് വ്യക്തമാക്കിയിരുന്നു. ബ്രസീലിന്റെയും ഫ്രാൻസിന്റെയും ഇസ്രായേൽ വിരുദ്ധ നിലപാടും അവരുടെ ആരാധകർ അർജന്റീനക്കെതിരെ ആയുധമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലും അർജന്റീന വിരുദ്ധ കാമ്പയിൻ സജീവമാണിപ്പോൾ. ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഏത് മിശിഹാ ആയാലും സന്തോഷമല്ല, രോഷമാണെന്ന് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂർ ഫേസ് ബുക്കിൽ കുറിച്ചു. ‘ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക. യു.എന്നിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനു അനുകൂലമായാണ് നമ്മുടെ രാജ്യം വോട്ട് ചെയ്തത്. ഫലസ്തീനികളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഇസ്രയേൽ, യു.എസ് തന്ത്രത്തിനൊപ്പം നിൽക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് എടുത്തു. പക്ഷേ ഫുട്ബോൾ പ്രേമികളുടെ രാജ്യം സയണിസ്റ്റ് രാഷ്ട്രത്തിനൊപ്പമാണ് നിലകൊണ്ടത്’ -മുഹമ്മദലി കിനാലൂർ എഴുതുന്നു.‘അർജന്റീന കളിക്കാൻ വരുമ്പോൾ സ്റ്റേഡിയം നിറയെ ബാനറുകൾ ഉയരണം. പ്രതിഷേധം അവിടെ എത്തിക്കാനുള്ള നല്ലൊരു വഴിയാണിത്’ -മറുപടിയായി മറ്റൊരു ആരാധകന്റെ കുറിപ്പ്. ആബിദ് അടിവാരം ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ… ‘അർജന്റീനക്ക് വേണ്ടി മലപ്പുറത്ത് ഉയർന്ന ഫ്ലക്സ് ബോർഡുകൾ ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിനെ അനുകൂലിക്കുന്ന ലോകത്തിലെ 10 രാജ്യങ്ങളിൽ ഒന്നായ അർജന്റീനക്കെതിരെ കേരളത്തിൽ ഫ്ലക്സുകൾ ഉയരണം, ആ വാർത്ത അർജന്റീനയിലെത്തണം. അർജന്റീന ആരാധകർ ഫുട്ബോളിനെക്കാൾ മനുഷ്യരെ സ്നേഹിക്കുന്നവരാണെങ്കിൽ, നീതി ബോധവും രാഷ്ട്രീയ ബോധവും സത്യസന്ധയും ഉള്ളവരാണെങ്കിൽ…’മറ്റൊരു ആരാധകന്റെ കുറിപ്പ്…‘ഹൃദയത്തിലായിരുന്നു എന്നും അർജന്റീന. പ്രധാനമായും ഫുട്ബാൾ ആയിരുന്നു അതിന് കാരണം. പക്ഷേ, ഇനിയതിന് സ്ഥാനമില്ല. പറിച്ചെടുത്ത് ദൂരെ തെമ്മാടിക്കുഴിയിലേക്ക് എറിയുകയാണ്. ഒരു പോസ്റ്റ് കൊണ്ടോ വാക്ക് കൊണ്ടോ ഒരു ലൈക്ക് കൊണ്ട് പോലുമോ ഒരു സ്നേഹപ്രകടനം ഇനി ഉണ്ടാവില്ല. കാരണം, എല്ലാ സന്തോഷങ്ങൾക്കും മേലെയാണ് ഞങ്ങൾക്കിന്ന് ഫലസ്തീൻ മക്കൾ, അതിനപ്പുറം ഒരു അരകളുമില്ല- ഗുഡ് ബൈ അർജന്റീന’. ആരാധക കുറിപ്പിങ്ങനെ.. ‘ഫുട്ബോൾക്കപ്പുറം, മനുഷ്യജീവിതത്തിന്റെ വില നമ്മുക്ക് എന്താണ്? ഫലസ്തീൻ മണ്ണിൽ നിരപരാധികളായ കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന, വീടുകളും വിദ്യാലയങ്ങളും തകർക്കുന്ന ഇസ്രായേലിന് പിന്തുണയായി വോട്ട് ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിൽ, അർജന്റീനയും. അവിടെ വീണുപോകുന്ന കുഞ്ഞുങ്ങളുടെ രക്തം, അമ്മമാരുടെ നിലവിളി അനാഥരാകുന്ന സഹോദരങ്ങൾ ഇതെല്ലാം കണ്ടിട്ടും അവർ ഭീകര രാഷ്ട്രമായ ഇസ്രായേലിനൊപ്പം നിന്നു. ഇത് വഞ്ചന മാത്രമല്ല, മനുഷ്യരാശിയോടുള്ള പാപം തന്നെയാണ്. ഞങ്ങൾക്കിനി അർജന്റീനയുടെ ജയത്തിൽ സന്തോഷിക്കാനാവില്ല. ഞങ്ങൾക്കിനി അവരുടെ താരങ്ങളുടെ ഗോൾ ആഘോഷിക്കാനാവില്ല.കാരണം, ഒരു ജനതയുടെ ദു:ഖത്തിനുമേൽ ആരുടെയും സന്തോഷം പണിയാൻ പാടില്ല. ഇനി മുതൽ, അർജന്റീന നമ്മുക്ക് ഒരു ഫുട്ബോൾ രാജ്യമല്ല ഒരു ക്രൂര മനസ്സിന്റെ പ്രതീകമാണ്’ഗസ്സക്കുവേണ്ടി തെരുവിലിറങ്ങുന്ന അർജന്റീനയു.എൻ പൊതുസഭയിൽ ഫലസ്തീൻ വിരുദ്ധ, ഇസ്രായേൽ അനുകൂല നിലപാട് എടുത്തതിന്റെ പേരിലാണ് അർജന്റീനക്കെതിരെ ലോകം കല്ലെറിയുന്നതെങ്കിൽ, ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളാൽ നിറയുകയാണ് തെക്കനമേരിക്കൻ രാജ്യം. തീവ്രവലതുപക്ഷ അനുയായിയായ പ്രസിഡന്റ് ഹാവിയർ മിലീ കടുത്ത ഇസ്രായേൽ പക്ഷപാതിയാണെങ്കിൽ, കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളാൽ സജീവമാണ് ബ്വേനസ്ഐയ്റിസ് ഉൾപ്പെടെ നഗരങ്ങൾ. ആഗസ്റ്റ് 30ന് തലസ്ഥാന നഗരിയിൽ നടന്ന യുദ്ധ വിരുദ്ധ റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. അർജന്റീന കമ്മിറ്റി ഫോർ സോളിഡാരിറ്റി വിത് ഫലസ്തീൻ എന്ന സംഘടന നേതൃത്വത്തിലായിരുന്നു വൻ റാലി. വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, മനുഷ്യവകാശ സംഘടനകൾ എന്നിവരും പങ്കെടുത്തു. ‘വംശഹത്യ അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടന്നത്. അർജന്റീനയും ഇസ്രായേലും തമ്മിലെ നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അർജന്റീനയിലെ ബ്വേനസ്ഐയ്റിസിൽ നടന്ന ഇസ്രായേൽ വിരുദ്ധ റാലിയിൽ നിന്ന്സ്പെയിനിലെ ബാഴ്സലോണയിൽ നിന്നും ഗസ്സയിലേക്ക് പുറപ്പെട്ട ഗ്ലോബൽ സമുഡ് േഫ്ലാട്ടിലക്ക് ഐക്യദാർഡ്യവുമായി അർജന്റീനയിലെ കടൽതീര നഗരിയായ റിയോ ഡി ലാ പ്ലാറ്റയൽ കഴിഞ്ഞ ദിവസം ആയിരങ്ങൾ അണിനിരന്നിരുന്നു. അർജന്റീനക്കാരനായ ജോർജ് ഗോൺസാലസ് േഫ്ലാട്ടിലയിലെ 50 യാത്രക്കാരിൽ ഒരാളായുണ്ട്.
