Spot lightWorld

ഭൂമിയുമായി സാമ്യമുള്ള നാല് കുഞ്ഞന്‍ ഗ്രഹങ്ങള്‍ കണ്ടെത്തി; ജീവനെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ പ്രതീക്ഷ

മറഞ്ഞിരിക്കുന്ന കോടിക്കണക്കിന് രഹസ്യങ്ങളുടെ കോട്ടയാണ് പ്രപഞ്ചം. സൗരയൂഥത്തിന് ഉള്ളിലെ കോടാനുകോടി ഉള്ളറകള്‍ പോലും നമുക്കറിയില്ല. അപ്പോള്‍ സൗരയൂഥത്തിന് പുറത്തെ കാര്യം നാം പറയണോ. എങ്കിലും സൗരയൂഥത്തിന് പുറത്തെ ഒരു രഹസ്യത്തിന്‍റെ കൂടി ചുരുളഴി‌ഞ്ഞിരിക്കുകയാണ്. ഭൂമിയുമായി സാമ്യമുള്ള നാല് കുഞ്ഞൻ ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലംവെയ്ക്കുന്ന കുഞ്ഞൻ  ഗ്രഹങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  നാല് ഗ്രഹങ്ങളും ഭൂമിയേക്കാൾ ചെറുതാണെങ്കിലും അവയെല്ലാം ഘടനയിൽ ഭൂമിയോട് വളരെ സാമ്യമുള്ളവയാണ്. ഈ നാല് ചെറിയ ഗ്രഹങ്ങളുടെ കണ്ടെത്തൽ, പ്രപഞ്ചത്തിൽ ഭൂമിക്കപ്പുറത്തുള്ള ജീവന്‍റെ അന്വേഷണങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണ്.   ബി, സി, ഡി, ഇ എന്നിങ്ങനെ താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ ഗ്രഹങ്ങള്‍ക്ക് ഭൂമിയുടെ 20 മുതല്‍ 30 ശതമാനം വരെ മാത്രമേ പിണ്ഡമുള്ളു. അതുകൊണ്ടുതന്നെ സൗരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളിലെ കുഞ്ഞന്‍മാരാണിവ. ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഈ  ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. റേഡിയൽ വെലോസിറ്റി ടെക്നിക് ഉപയോഗിച്ച് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ചെറുതാണ് ഈ ഗ്രഹങ്ങൾ എന്ന പ്രത്യേകതയുമുണ്ട്.  വളരെ ചുരുങ്ങിയ സമയം കൊണ്ട്  ഈ നാല് കുഞ്ഞൻ ഗ്രഹങ്ങളും അതിന്‍റെ നക്ഷത്രത്തെ വലംവയ്ക്കുന്നുണ്ട്. ഭൂമിയിലെ രണ്ട് ദിവസമാണ് ഇവയില്‍ ബര്‍ണാഡ് നക്ഷത്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹത്തിലെ ഒരു വര്‍ഷം. ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏഴ് ദിവസം കൊണ്ട് നക്ഷത്രത്തിനെ പരിക്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കും. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം താരതമ്യപ്പെടുത്തുമ്പോൾ ചുവപ്പുകുള്ളന്‍ പോലുള്ള ചെറിയ നക്ഷത്രത്തിനോട് ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞന്‍ ഗ്രഹങ്ങളില്‍ ജീവന് അതിജീവിക്കാനാകുന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് ഗവേഷകരുടെ അനുമാനം. വര്‍ഷങ്ങളായി മനുഷ്യരും ശാസ്ത്ര ലോകവും വാസയോഗ്യമായ മറ്റൊരു ഭൂമിയെ കുറിച്ച് നടത്തുന്ന തിരച്ചിലുകളില്‍ നിര്‍ണായകമാണ് ഈ നാല് കുഞ്ഞന്‍ ഗ്രഹങ്ങളുടെ കണ്ടെത്തല്‍. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button