Crime

ഇൻസ്റ്റയിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ പെൺകുട്ടി തമിഴ്നാട്ടിലേക്ക്, കൂടെ പ്രായപൂർത്തിയാകാത്ത 6 പേരും, അന്വേഷണം


ഇടുക്കി: സമൂഹ മാധ്യമത്തിൽ പരിചയപ്പെട്ടയാളെ കാണാൻ തമിഴ്നാട്ടിലേക്ക് പോയ പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആറ് പേരെയും തിരികെ എത്തിച്ചു. പൊലീസിന്‍റെ സമയോചിത ഇടപെടലിനെ തുടർന്നാണ് തിരികെയെത്തിച്ചത്. അണക്കരയിൽ നിന്നാണ് തിങ്കളാഴ്ച ഏഴ് പേർ തമിഴ്നാട്ടിലേക്ക് പോയത്. കടയിൽ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു കുട്ടികൾ. തമിഴ്നാട്ടിലെ തേനിയിൽ നിന്നുമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള സംഘമാണ് ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളിൽ നിന്നും നാടുവിട്ടു പോയത്. വൈകുന്നേരത്തോടെ വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളിൽ ഒരാൾ പ്രായപൂർത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെൺകുട്ടി തമിഴ്നാടിന് പോയതെന്ന് വീട്ടുകാർ പറഞ്ഞു. ഈ പെൺകുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയൽവാസികളുമായ മറ്റ് ആറ് കുട്ടികൾ കൂടി തമിഴ്നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ആറംഗസംഘം തമിഴ്നാടിന് പോയത് എന്തിനാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടികളുടെ കുടുംബങ്ങളിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button