CrimeNational

പെൺകുട്ടികളുടെ നിലക്കാത്ത നിലവിളി: 15കാരിയെ മൂന്നുപേർ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

ഭുവനേശ്വർ: കോളജിൽ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയുടെ ആത്മഹത്യ വൻ വിവാദമുയർത്തിയ ഒഡിഷയിൽ നിന്ന് വീണ്ടും നടുക്കുന്ന വാർത്ത. പുരി ജില്ലയിൽ മൂന്ന് പുരുഷന്മാർ ചേർന്ന് 15 വയസ്സുകാരിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. പുരി ജില്ലയിലെ ബലംഗയിൽ ആണ് സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബയാബർ ഗ്രാമത്തിൽ വെച്ച് മൂന്ന് പേർ പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനുശേഷം പ്രതികൾ കടന്നുകളഞ്ഞു. നാട്ടുകാർ തീ അണച്ച് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ഉടൻ എയിംസ് ഭുവനേശ്വറിലേക്ക് മാറ്റി. തുടർന്ന് പൊലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ചികിത്സക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നതായും മുഴുവൻ ചെലവുകളും സർക്കാർ വഹിക്കുമെന്നും വനിതാ ശിശു വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദ പ്രതികരിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും പൊലീസ് ഭരണകൂടത്തോട് നിർദേശിച്ചതായും പരിദ പറഞ്ഞു. ഒഡിഷയിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്തകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ലൈംഗിക പീഡന പരാതിയിൽ നീതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ കോൺഗ്രസും മറ്റ് ഏഴ് പ്രതിപക്ഷ പാർട്ടികളും സംസ്ഥാനത്തുടനീളം കഴിഞ്ഞ വ്യാഴാഴ്ച ബന്ദ് ആചരിച്ചിരുന്നു. കഴിഞ്ഞ മാസംഒഡിഷയിലെ ഗഞ്ചം ജില്ലയിലെ ബീച്ചിൽ 20 വയസ്സുള്ള കോളജ് വിദ്യാർഥിനിയെ 10 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പെൺകുട്ടികൾ എരിഞ്ഞു തീരുകയാണെന്നും കേന്ദ്ര-സംസ്ഥാന സ​ർക്കാറുകൾ കാഴ്ചക്കാരായി നിൽക്കുന്നുവെന്നും പ്രധാനമന്ത്രി മൗനം വെടിയ​ണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button