
ബംഗളുരു: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കുറ്റത്തിന് 31കാരി പിടിയിലായി. വീട്ടുകാരുടെ സംശയത്തെ തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്ന ഇവർ കൈ ഞരമ്പ് മുറിച്ച് ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പുരുഷ സുഹൃത്തിന് അയച്ചു കൊടുത്ത ചിത്രങ്ങളാണ് യുവതിക്ക് അവസാനം കുരുക്കായി മാറിയത്. ബംഗളുരുവിലെ ബേഗൂരിന് സമീപം അക്ഷയ നഗറിൽ താമസിക്കുന്ന ഡോ. സുധീന്ദ്രയാണ് ഹുളിമാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓഗസ്റ്റ് 29 മുതൽ നവംബർ ഏഴ് വരെ രുക്മിണി എന്ന യുവതി വീട്ടിൽ ജോലിക്ക് നിന്നിരുന്നു. വീട്ടുജോലികൾ ചെയ്യാനും കുഞ്ഞിനെ നോക്കാനുമാണ് രുക്മിണിയെ കുടുംബം ജോലിക്ക് നിർത്തിയത്. എന്നാൽ ഈ സമയം കൊണ്ട് വീട്ടിൽ പണവും സ്വർണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് രുക്മിണി കണ്ട് മനസിലാക്കിയെന്ന് പൊലീസ് പറയുന്നു. ഇതിനോടൊപ്പം 70,000 രൂപയും മാലകളും ബ്രേസ്ലെറ്റുകളും കമ്മലുകളും ഡയമണ്ട് റിങ്ങുകളും ഉൾപ്പെടെയുള്ള ആഭരണങ്ങളും ഒരു പട്ട് സാരിയും മോഷ്ടിച്ചു. നവംബർ രണ്ടാം തീയ്യതി വരെ മോഷണ വിവരം വീട്ടുകാർ അറിഞ്ഞില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയതായി മനസിലായത്. വീട്ടുകാരുടെ പരാതി ലഭിച്ചതിന് പിന്നാലെ രുക്മിണിയെ കസ്റ്റഡിയിൽ എടുത്തു. ഇവരെ ഒരു സന്നദ്ധ സംഘടന നടത്തുന്ന കെയർ ഹോമിൽ പാർപ്പിച്ചു. ഇതിനിടെ കൈ ഞരമ്പ് മുറിച്ച് യുവതി നാടകീയമായി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. യുവതി സഹകരിക്കാതിരുന്നിട്ടും പൊലീസിന് കിട്ടിയ നിർണായക തെളിവാണ് കേസിൽ തുമ്പായി മാറിയത്. ഡോക്ടറുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്ത്രം ധരിച്ച് യുവതി സ്വന്തം ഫോട്ടോ എടുത്ത് കാമുകന് അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോ കിട്ടിയതോടെ മോഷണം നടത്തിയത്. രുക്മിണി തന്നെയെന്ന് പൊലീസിന് മനസിലായി. മോഷ്ടിച്ച ആഭരണങ്ങൾ യുവതി തന്റെ കട്ടിലിന് താഴെ ചെറിയ ദ്വാരമുണ്ടാക്കി അവിടെ സൂക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ചിലത് മൈസുരു അശോക നഗറിലെ ജ്വല്ലറികളിൽ വിൽക്കുകയും ചിലത് പണയം വെയ്ക്കുകയും ചെയ്തു. 123 ഗ്രാം സ്വർണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
