Business

എസ്‌യുവി പ്രേമികൾക്ക് ഒരു സന്തോഷവാർത്ത! ഇതാ സൺറൂഫ് സഹിതം ക്രെറ്റയുടെ ഏറ്റവും വിലകുറഞ്ഞ മോഡൽ

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL)തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയെ പുതിയ സവിശേഷതകളോടെ അപ്‌ഗ്രേഡ് ചെയ്ത് വിപണിയിൽ അവതരിപ്പിച്ചു. 2025 മോഡൽ വർഷത്തേക്കുള്ള പുതിയ വകഭേദങ്ങളും സവിശേഷതകളും ഉപയോഗിച്ചാണ് ഹ്യുണ്ടായി ക്രെറ്റ നിര അപ്‌ഡേറ്റ് ചെയ്‌തത്. പുതിയ അപ്‌ഡേറ്റിൽ EX (O), SX പ്രീമിയം എന്നീ രണ്ട് പുതിയ വകഭേദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പനോരമിക് സൺറൂഫ് ലഭിക്കുന്ന ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന മോഡലാണ് EX(O) വേരിയന്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി ടോപ്പ് എൻഡ് SX (O) ട്രിം ലെവലിൽ പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. പുതിയ ക്രെറ്റയുടെ പ്രാരംഭ എക്സ്-ഷോറൂം വില 12.97 ലക്ഷം രൂപയാണ്. എസ്‌യുവിയിലെ ഫീച്ചർ അപ്‌ഗ്രേഡിനൊപ്പമാണ് കമ്പനി ഈ എസ്‌യുവിയുടെ നിരയിലേക്ക് SX, EX (O) എന്നീ രണ്ട് പുതിയ വകഭേദങ്ങളും ചേർത്തത്.  ഹ്യുണ്ടായി ക്രെറ്റ EX(O) വേരിയന്റിന് 12.97 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വില ലഭിക്കുന്നു. കൂടാതെ 1.5 ലിറ്റർ ടർബോ-ഡീസൽ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ക്രെറ്റ നിരയിലെ ഏറ്റവും താഴ്ന്ന ശ്രേണിയിലേക്ക് ചേരുന്ന EX(O) വകഭേദത്തിൽ പനോരമിക് സൺറൂഫും LED റീഡിംഗ് ലാമ്പുകളും സ്റ്റാൻഡേർഡായി ലഭ്യമാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം, SX, SX (O) ട്രിം ലെവലിന് ഇടയിലുള്ള SX പ്രീമിയം ട്രിം ലെവലിന്റെ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 16.18 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില . പെട്രോൾ എഞ്ചിനുള്ള IVT ഓപ്ഷന് 17.68 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ക്രെറ്റ SX പ്രീമിയം വേരിയന്റിന്റെ ഡീസൽ ശ്രേണി എക്സ്-ഷോറൂം വില 17.77 ലക്ഷം മുതൽ ആരംഭിക്കുന്നു, എന്നാൽ ഈ വേരിയന്റുള്ള ഡീസൽ പവർട്രെയിനിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ലഭ്യമല്ല. ക്രെറ്റ SX പ്രീമിയത്തിൽ എട്ട് തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുള്ള ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളും ബോസ് പ്രീമിയം സൗണ്ട് 8-സ്പീക്കർ സിസ്റ്റവും ലെതറെറ്റ് സീറ്റ് സ്കൂപ്പ്ഡ് അപ്ഹോൾസ്റ്ററിയുമാണ് ഉള്ളത്. ഹ്യുണ്ടായി CRETA SX (O) വേരിയന്റിൽ ഇപ്പോൾ റെയിൻ സെൻസർ, റിയർ വയർലെസ് ചാർജർ, സ്കൂപ്പ്ഡ് സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ, S (O) മുതലുള്ള വേരിയന്റുകളിൽ മോഷൻ സെൻസറുള്ള സ്മാർട്ട് കീ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ നൂതന സാങ്കേതികവിദ്യ സുരക്ഷയുടെ നിലവാരം ഉയർത്തുന്നു. SX (O) ട്രിം ലെവലിന്റെ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് ഇപ്പോൾ 17.46 ലക്ഷം രൂപ എക്സ്-ഷോറൂം വിലയും IVT ഓപ്ഷന് 18.92 ലക്ഷം രൂപ എക്സ്-ഷോറൂം വിലയും ലഭിക്കുന്നു. SX (O) ട്രിം ലെവലിന്റെ ഡീസൽ ശ്രേണി മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷന് 19.05 ലക്ഷം മുതൽ വില ആരംഭിക്കുമ്പോൾ ഓട്ടോമാറ്റിക് ഓപ്ഷന് 20 ലക്ഷം രൂപ മുതൽ വിലയുണ്ട് . ടർബോ പെട്രോൾ DCT ഓപ്ഷന്  20.19 ലക്ഷം ആണ് എക്സ്-ഷോറൂം വില. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. 2015 ൽ പുറത്തിറങ്ങിയതിനുശേഷം 12 ലക്ഷത്തിലധികം യൂണിറ്റ് കോംപാക്റ്റ് എസ്‌യുവി വിറ്റഴിച്ചതായി കമ്പനി പറയുന്നു. പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്, അവയിൽ സ്പോർട്ടി, പവർ പായ്ക്ക്ഡ് 1.5 ലിറ്റർ കപ്പ ടർബോ GDI പെട്രോൾ, 1.5 ലിറ്റർ MPI പെട്രോൾ, 1.5 ലിറ്റർ U2 CRDI ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉൾപ്പെടുന്നു. 6-സ്പീഡ് മാനുവൽ, IVT (ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ), 7-സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ), 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുൾപ്പെടെ നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി ക്രെറ്റയി 70-ലധികം സുരക്ഷാ സവിശേഷതകൾ നൽകിയിട്ടുണ്ട്, അതിൽ 36 സവിശേഷതകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ നിരവധി നൂതന സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു; സ്റ്റാൻഡേർഡായി 6 എയർബാഗുകൾ നൽകും. ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 8-സ്പീക്കറുകൾ (BOSE), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8-വേ ഓപ്പറേറ്റഡ് ഡ്രൈവർ സീറ്റ്, ലെവൽ-2 ADAS സ്യൂട്ട് എന്നിവ ഉൾപ്പെടുന്നു.

Related Articles

Back to top button