ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം: ഗവർണർ രാജിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഗവർണർമാർക്ക് വീറ്റോ അധികാരം ഭരണഘടന നൽകുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനവിധി. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരമാണ് ഗവർണർമാർ തീരുമാനമെടുക്കേണ്ടത്. 200-ാം അനുഛേദത്തിൽ ആർക്കും പോക്കറ്റ് വീറ്റോ അധികാരമോ, സമ്പൂർണ്ണ വീറ്റോ അധികാരമോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ബില്ല് തിരിച്ചയക്കുകയോ, രാഷ്ട്രപതിക്കയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ വേണം.
തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ അതിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ എന്ന് സുപ്രീം കോടതി സമയക്രമത്തിൽ പറയുന്നു.
സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി രാജിവെക്കുമോ എന്ന് ഡിഎംകെ ചോദിച്ചു.
