സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി, 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടക്കണം
തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാർക്കെതിരേ നടപടി. കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം.
ജീവനക്കാർ ഇത് അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വളരെ ദുര്‍ബലരായ ജനതയ്ക്ക് വേണ്ടി നിശ്ചിയിച്ചിരിക്കുന്ന ഒന്നാണ്. അബദ്ധം പറ്റിയാൽ അത് മനസിലാക്കാം. പക്ഷേ, ഇത് അബദ്ധമാണെന്ന് തോന്നുന്നില്ല. ഇത് തിരിച്ചടയ്ക്കുകയും തുടര്‍നടപടികള്‍ നേരിടേണ്ടിവരികയും വേണം. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്നും ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.