Crime

പാഴ്സലിന്‍റെ നീക്കമറിയാൻ ജിപിഎസ്, അയച്ചത് സ്വകാര്യ ബസിൽ; റെയ്ഡിൽ പിടികൂടിയത് 200 ഗ്രാം എംഡിഎംഎ, 2 കിലോ കഞ്ചാവ്

മാനന്തവാടി: ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത് കയ്യോടെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍. എ വണ്‍ ട്രാവല്‍സിന്‍റെ പാഴ്‌സല്‍ സര്‍വീസില്‍ കൊടുത്തുവിട്ട പെട്ടിയില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. റെയ്ഡില്‍ രണ്ട് കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയും പാഴ്‌സലിന്റെ നീക്കമറിയാനായി ഘടിപ്പിച്ചിരുന്ന ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.  ബസിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎയും കഞ്ചാവും. പാഴ്‌സല്‍ ബെംഗളൂരുവിൽ നിന്നും മലപ്പുറത്തേക്ക് അയച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിപിഎസ് സംവിധാനം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു. ലഹരി കടത്തിയ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പെട്ടിയിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ സംഘം 650 ഗ്രാം എംഡിഎംഎയും മൂന്ന് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ 30 ലിറ്ററോളം അനധികൃതമായി കടത്തിയ മദ്യവും പിടിച്ചെടുത്തു. ഇന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളും മറ്റു സാധനങ്ങളും തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, കെ. ജോണി, പി.ആര്‍. ജിനോഷ്, എ. ദീപു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ് കെ വി രാജീവന്‍, കെ എസ് സനൂപ്, ഇ എസ് ജെയ്‌മോന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button