വിവാഹ വേദിയിൽ വച്ച് സിന്ദൂരമണിയിക്കുമ്പോൾ വരന്‍റെ കൈ വിറച്ചു; പിന്നാലെ വിവാഹത്തിൽ നിന്നും വധു പിന്മാറി

ഇന്ത്യന്‍ വിവാഹങ്ങൾ ഇന്ന് വലിയ വാര്‍ത്തകളാണ്. ചില വിവാഹങ്ങൾ ആഡംബരം കൊണ്ട് ആളുകളെ ഞെട്ടിക്കുമ്പോൾ മറ്റ് ചില വിവാഹങ്ങൾ വിവാഹവേദിയിലെ വഴക്കിലൂടെ ആളുകളുടെ ശ്രദ്ധനേടുന്നു. അതേസമയം അടുത്തകാലത്തായി മറ്റൊരു പ്രവണത കൂടി കൂടിവരുന്നു. നിസാര കാര്യങ്ങൾക്ക് വർഷങ്ങളായുള്ള വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് ഇപ്പോഴത്തെ സമൂഹത്തില്‍ വലിയൊരു വാര്‍ത്തയല്ല. എന്നാല്‍, നിസാര കാര്യത്തിന് വിവാഹ വേദിയില്‍ വച്ച് തന്നെ വിവാഹം വേണ്ടെയ്ന്ന് വയ്ക്കുന്ന പ്രവണത ഇന്ന് കൂടി വരികയാണ്. രാജസ്ഥാനിലെ ദോൽപ്പൂരില്‍ നടന്ന ഒരു വിവാഹം ഇത്തരത്തില്‍ ആളുകളുടെ പ്രത്യേക ശ്രദ്ധനേടി. കരൌളി ജില്ലയിലെ കല്യാണി ഗ്രാമത്തിലാണ് സംഭവം. ദോൽപ്പൂര്‍ ഹൌസിംഗ് ബോർഡ് കോളനിയിലെ ഗിരീഷ് കുമാറിന്‍റെ മകൾ ദീപികയും കരൌളി ജില്ലയിലെ കല്യാണി ഗ്രാമത്തിലെ പ്രദീപ് കുമാറിന്‍റെയും വിവാഹമായിരുന്നു. പ്രദീപ്, സർക്കാര്‍ സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ബിഎയും ബിഎഡും കഴിഞ്ഞ് റീറ്റ് പരീക്ഷ എഴുതിയിരിക്കുകയാണ് ദീപിക. ഇരുവരുടെയും വിവാഹം പരമ്പരാഗത ചടങ്ങുകളെല്ലാം കഴിഞ്ഞാണ് തീരുമാനിച്ചത്. അതിനാല്‍ തന്നെ ഏറെ ആഘോഷത്തോടെയായിരുന്നു വിവാഹം. താലി കെട്ടിയ ശേഷം വധുവിനെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താനായി പ്രദീപ് കൈയുയര്‍ത്തിയപ്പോൾ അല്പം വിറച്ചു. ഈ വിറയല്‍ ദീപിക കണ്ടു. പിന്നാലെ വരന്‍റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച വധു വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
എന്നാല്‍, തണുത്ത കാലാവസ്ഥ കാരണം കൈ വിറച്ചതാണെന്നും തനിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പ്രദീപ് വിവാഹ വേദിയില്‍ വച്ച് പറഞ്ഞെങ്കിലും ദീപിക തന്‍റെ നിലപാടില്‍ ഉറച്ച് നിന്നു. വിവാഹത്തിന് മുമ്പ് കുടുംബാംഗങ്ങൾ തമ്മിലും നേരിട്ടും വധുവിനെയും വീട്ടുകാരെയും പലതവണ കണ്ടിരുന്നെന്നും എന്നാല്‍ അപ്പോഴൊന്നും ഇത്തരം പ്രശ്നങ്ങൾ ആരും ഉന്നയിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു. പക്ഷേ, അതൊന്നും ദീപികയുടെ തീരുമാനം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. വധുവിന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കണ്ടതോടെ പ്രശ്നം പോലീസ് സ്റ്റോഷനിലെത്തി. പോലീസുകാര്‍ പല തവണ സംസാരിച്ചെങ്കിലും ദീപികയ്ക്ക് ഒരൊറ്റ നിലപാട് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഒടുവില്‍, വിവാഹം കഴിഞ്ഞെങ്കിലും വധുവില്ലാതെ പ്രദീപിന് തന്‍റെ വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങേണ്ടി വന്നു. ആഘോഷമായി ആരംഭിച്ച വിവാഹ ചടങ്ങുകൾ ഇതോടെ ശോകമൂകമായി മാറി.
