ഐ പി എല്ലിൽ കൊൽക്കത്തയുടെ ഈഡനിൽ വിജയക്കൊടി പാറിച്ച് ഗുജറാത്ത്; ഒന്നാം സ്ഥാനം ഭദ്രം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പൻ ജയം. 199 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ സാധിച്ചുള്ളൂ. 50 റൺസ് നേടിയ നായകൻ അജിങ്ക്യ രഹാനെ മാത്രമാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (1) മടക്കിയയച്ച് സിറാജ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരം നൽകി. മൂന്ന് ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 1 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലായിരുന്നെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറുകൾ മുതലാക്കാൻ കൊൽക്കത്തയുടെ ബാറ്റര്‍മാര്‍ക്കായില്ല. 6-ാം ഓവറിൽ സുനിൽ നരെയ്ന്റെ വിക്കറ്റ് (17) കൊൽക്കത്തയ്ക്ക് നഷ്ടമാകുകയും ചെയ്തിരുന്നു. പവര്‍ പ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. പവര്‍ പ്ലേ പിന്നിട്ടതിന് ശേഷവും അതിവേഗം സ്കോര്‍ ഉയര്‍ത്താൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. വെങ്കടേഷ് അയ്യര്‍ താളം കണ്ടെത്താൻ വിഷമിച്ചത് തിരിച്ചടിയാകുകയും ചെയ്തു. 10 ഓവറുകൾ പൂര്‍ത്തിയായപ്പോൾ വെറും 68 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. ഇടയ്ക്കിടെ ബൗണ്ടറികൾ നേടി രഹാനെ മാത്രം ഗുജറാത്തിന് തലവേദന സൃഷ്ടിച്ചു. 12-ാം ഓവറിൽ സായ് കിഷോറിന് മുന്നിൽ വെങ്കടേഷ് അയ്യര്‍ കീഴടങ്ങി. കൂറ്റനടിക്കുള്ള ശ്രമം വാഷിംഗ്ടൺ സുന്ദറിന്‍റെ കൈകളിൽ അവസാനിച്ചു. 19 പന്തുകൾ നേരിട്ട വെങ്കടേഷിന് വെറും 14 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതിനിടെ 13-ാം ഓവറിൽ രഹാനെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 36 പന്തുകളിൽ നിന്നാണ് രഹാനെ ഈ സീസണിലെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. എന്നാൽ രണ്ട് പന്തുകളുടെ ആയുസ് മാത്രമേ രഹാനെയുടെ ഇന്നിംഗ്സിന് ഉണ്ടായിരുന്നുള്ളൂ. നാലാം പന്തിൽ വാഷിംഗ്ടൺ സുന്ദറിന്റെ പന്ത് ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാനുള്ള രഹാനെയുടെ ശ്രമം പാളി. വൈഡിലേയ്ക്ക് പോയ പന്ത് കൈപ്പിടിയിലാക്കിയ കീപ്പര്‍ ജോസ് ബട്ലര്‍ സമയം പാഴാക്കാതെ സ്റ്റംപ് ചെയ്തു. 36 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 50 റൺസ് നേടിയാണ് രഹാനെ മടങ്ങിയത്. 13 ഓവറുകൾ പൂര്‍ത്തിയായപ്പോഴാണ് കൊൽക്കത്ത ടീം സ്കോര്‍ 100 തികച്ചത്. അവസാന 5 ഓവറുകളിൽ 85 റൺസ് എന്ന നിലയിലേയ്ക്ക് വിജയലക്ഷ്യം മാറിയതോടെ കൊൽക്കത്ത പ്രതിസന്ധിയിലായി. 16-ാം ഓവറിൽ റാഷിദ് ഖാനെതിരെ റസൽ വിയര്‍ത്തു. ആദ്യ രണ്ട് പന്തുകളിൽ റൺസ് കണ്ടെത്താൻ റസലിനായില്ല. മൂന്നാം പന്തിൽ ബൗണ്ടറി. നാലാം പന്തിൽ വീണ്ടും റൺസ് ലഭിക്കാതെ വന്നതോടെ തൊട്ടടുത്ത പന്തിൽ റസൽ ക്രീസിൽ നിന്നിറങ്ങി. എന്നാൽ, കൂറ്റനടിക്ക് ശ്രമിച്ച റസലിനെ പുറത്താക്കി റാഷിദ് ഖാൻ ഗുജറാത്തിന് മേൽക്കൈ നൽകി. 17-ാം ഓവറിന്‍റെ ആദ്യ പന്തിൽ രമൺദീപ് സിംഗിനെയും (1) മൂന്നാം പന്തിൽ മൊയീൻ അലിയെയും മടക്കിയയച്ച് പ്രസീദ് കൃഷ്ണ മത്സരം ഗുജറാത്തിന് അനുകൂലമാക്കി മാറ്റി. അവസാന നിമിഷം ഇംപാക്ട് പ്ലെയറായി അംഗ്കൃഷ് രഘുവൻഷിയെ വരെ കളത്തിലിറക്കി നോക്കിയെങ്കിലും മത്സരം കൊൽക്കത്തയുടെ കൈവിട്ടുപോയിരുന്നു. 13 പന്തിൽ 27 റൺസ് നേടിയ രഘുവൻഷി പുറത്താകാതെ നിന്നു.
