NationalSpot light

രാത്രി 1 മണിക്ക് മുറിയിൽ നിന്ന് വെടിയൊച്ച, മകൾ തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു

ഭോപ്പാൽ: കുടുംബത്തിന് ഇഷ്ടമില്ലാത്തയാളെ മകൾ  വിവാഹം ചെയ്തെന്നാരോപിച്ച് അച്ഛൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ഉടമയായ സഞ്ജു ജെയ്സ്വാളാണ് മരിച്ചത്. രാത്രി ഒരു മണിയോടെ കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി നോക്കിയപ്പോൾ ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാൾ മരിച്ചു. സഞ്ജുവിന്റെ മകൾ പ്രദേശത്ത് തന്നെയുള്ള മറ്റൊരു യുവാവിനൊപ്പം രണ്ടാഴ്ച മുമ്പ് നാടുവിട്ടിരുന്നു. ഇവരെ പിന്നീട് ഇൻഡോറിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നു. എന്നാൽ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ വിവാഹിതയാണെന്നും ഭ‍ർത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകൾ പറയുകയായിരുന്നു. എന്നാൽ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ മകൾ വിവാഹം ചെയ്യുന്നത് സഞ്ജു ജെയ്സ്വാളിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മകളുടെ ആധാർ കാർഡിന്റെ പ്രിന്റൗട്ടിൽ എഴുതിയ ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മകൾ ചെയ്തത് തെറ്റാണെന്നും താൻ പോവുകയാണെന്നും കത്തിൽ പറയുന്നുണ്ട്. മകളെയും മകളുടെ ഭ‍ർത്താവിനെയും താൻ കൊല്ലേണ്ടിയിരുന്നുവെന്നും എന്നാൽ അച്ഛന് എങ്ങനെയാണ് മകളെ കൊല്ലാൻ കഴിയുകയെന്നും കത്തിൽ എഴുതിയിട്ടുണ്ട്. മകൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ ഉൾപ്പെടെ ആത്മഹത്യാ കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്.  അതേസമയം സഞ്ജുവിന്റെ ആത്മഹത്യയ്ക്ക് ശേഷം പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ സഞ്ജുവിന്റെ മകളെ വിവാഹം ചെയ്ത യുവാവിന്റെ പിതാവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മ‍ർദിച്ചു. ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ സംഭവങ്ങളും ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button