പറ്റിക്കുകയായിരുന്നു ഗയ്സ്, കാമുകനെ തേടി കൊറിയ വരെ പോയി, സംഭവിച്ചത് ഇത് എന്ന് യുവതി, വൻവിമർശനം


കെ -ഡ്രാമകളെ ആരാധിക്കുന്ന, അതിലെ നായകനെയും നായികയേയും ആരാധിക്കുന്ന ഒരുപാട് യുവാക്കൾ ഇന്നുണ്ട്. അത്തരത്തിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും പോലെ ആരെങ്കിലും പ്രണയിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ, അങ്ങനെ ഒരാളെ തേടി കൊറിയ വരെ പോകാനൊന്നും ആരും തയ്യാറാവില്ല. എന്നാൽ, യുഎസ്സിൽ നിന്നുള്ള ഒരു യുവതി അത് ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിൽ അവർ പറയുന്നത്, കെ ഡ്രാമയിൽ കാണുന്നത് പോലെയുള്ള യുവാക്കളെ കണ്ടെത്താൻ കൊറിയയിലേക്ക് പോയി. എന്നാൽ, അവിടെ കണ്ടത് സാധാരണ ജീവിതം നയിക്കുന്ന, സാധാരണക്കാരായ മനുഷ്യരെയാണ് എന്നാണ്. യുവതി വിമാനത്തിൽ ഇരിക്കുന്നത് കാണാം. ‘കൊറിയയിലുള്ള പുരുഷനുമായി പ്രണയത്തിലാകാൻ സിയോളിലേക്കുള്ള യാത്രയിൽ’ എന്നാണ് അവർ വിമാനത്തിലിരുന്നു കൊണ്ട് പറയുന്നത്. പിന്നീട്, സിയോളിൽ എത്തിയ ശേഷമുള്ള ദൃശ്യങ്ങളാണ് കാണുന്നത്. അതിൽ നിരവധി യുവാക്കളെ സൂം ചെയ്ത് കാണിക്കുന്നതും കാണാം. പിന്നീട്, യുവതി പറയുന്നത് ഇവരാരും കെ ഡ്രാമയിൽ ഉള്ളത് പോലെ അല്ല എന്നാണ്. എന്താണിവിടെ സംഭവിക്കുന്നത്, നിങ്ങൾക്ക് കൊറിയയിലെ പുരുഷന്മാരെ കാണണോ? ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞുകൊണ്ടാണ് യുവതി ക്യാമറ അവരിലേക്ക് സൂം ചെയ്യുന്നത്. ത എന്തായാലും, വീഡിയോ നിരവധി പേർ കണ്ടെങ്കിലും ചിലരെല്ലാം ഇത് തമാശയായി ചെയ്തതാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, മറ്റ് ചിലർ യുവതിയെ വിമർശിക്കുകയാണ് ചെയ്തത്. കൊറിയയിൽ എല്ലാവരും അവിടുത്തെ സിനിമയിലേത് പോലെ ആയിരിക്കുമോ? അങ്ങനെയാണെങ്കിൽ അവിടെ എല്ലാവരും ഹോളിവുഡ് നടന്മാരെ പോലെ ആയിരിക്കണമല്ലോ എന്ന് കമന്റ് നൽകിയവരുണ്ട്. ആ യുവാക്കളുടെ ചിത്രം പകർത്തിയതിന് അതുപോലെ നിരവധിപ്പേരാണ് യുവതിയെ വിമർശിച്ചിരിക്കുന്നത്.