വീട്ടമ്മയ്ക്ക് പീഡനം, വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; വ്ലോഗർ അറസ്റ്റിൽ
തൃശൂർ: വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ 32കാരനായ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് പിടിയിലായത്. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചുമാസം മുമ്പാണ് ഇയാൾ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. വീണ്ടും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടിൽ കളിക്കാനായി എത്തിയ കുട്ടിയെ എടുക്കാനായി എത്തിയ വീട്ടമ്മയെ ആണ് 32കാരൻ പീഡിപ്പിച്ചത്. ഇയാളുടെ വീട്ടിൽ വച്ച് യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ആയിരുന്നു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. നേരത്തെയും സമാനമായ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.