പ്രേമിച്ചും പ്രേമം തകർന്നും പ്രേമത്തിന് കൂട്ടുപോയും പരിചയമുണ്ടോ? ജോലിയുണ്ട്; വൈറലായി ഒരു ഓഫർ

കേൾക്കുമ്പോൾ അമ്പരന്നു പോകുന്ന അനേകം ജോലികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. ആഹാ, എന്ത് രസമാണ് ഈ ജോലികൾ എന്നും നമുക്ക് തോന്നിക്കാണും. ഉദാഹരണത്തിന് സിനിമകൾ കണ്ട് വിലയിരുത്തുക, കിടക്കകളിൽ കിടന്നാൽ ഉറക്കം എങ്ങനെയുണ്ടെന്ന് നോക്കുക, ചായ രുചിച്ച് നോക്കുക… എന്നാൽ, അതിനേക്കാളെല്ലാം നമ്മെ അമ്പരപ്പിക്കുന്ന ഒരു ജോലിക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോർപറേറ്റ് ലോകത്തുമുണ്ട് രസമുള്ള കുറേ പൊസിഷനുകൾ. അതിലൊന്നാണ് ചീഫ് ഹാപ്പിനെസ് ഓഫീസർ. ജീവനക്കാരുടെ സന്തോഷവും സമാധാനവും ക്ഷേമവുമെല്ലാം ഉറപ്പു വരുത്തുക എന്നതാണ് ഇയാളുടെ ജോലി. ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നതാണ്. മെൻ്ററിംഗ് ആൻഡ് കൺസൾട്ടിംഗ് പ്ലാറ്റ്‌ഫോമായ ടോപ്‌മേറ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയിരിക്കുന്നത്. ചീഫ് ഡേറ്റിംഗ് ഓഫീസറെയാണ് ഇത് പ്രകാരം ക്ഷണിച്ചിരിക്കുന്നത്. പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിംഗ് ഇതേക്കുറിച്ചെല്ലാം നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈപോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നത്. എന്നാൽ, അങ്ങനെ വെറുതെ അപേക്ഷിച്ചാൽ പോരാ. നല്ല അനുഭവജ്ഞാനം വേണം. മാത്രമല്ല, ഗോസ്റ്റിംഗ് പോലെയുള്ള ന്യൂജെൻ വാക്കുകളും പ്രണയരീതികളും എല്ലാം അറിഞ്ഞിരിക്കണം. അതുപോലെ ഒരു ബ്രേക്കപ്പ്, രണ്ട് സിറ്റുവേഷൻഷിപ്പ്, മൂന്ന് ഡേറ്റ്സ് ഇവ മസ്റ്റാണ്. ഡേറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാക്കുകളും അറിഞ്ഞിരിക്കണം. ഒപ്പം വേണ്ടിവന്നാൽ പുതിയ വാക്ക് ഉണ്ടാക്കാനുള്ള കഴിവും വേണം. രണ്ടോ മൂന്നോ ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച പരിചയവും വേണം. ഇതൊക്കെയാണ് മിനിമം ചീഫ് ഡേറ്റിംഗ് ഓഫീസർക്ക് വേണ്ടുന്ന യോഗ്യതകൾ. ഈ പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് നിമിഷ ചന്ദയാണ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും തങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ മെൻഷൻ ചെയ്തിട്ടുണ്ട്. ഇതാണ് സ്വപ്നം കണ്ട ജോലി എന്ന് കുറിച്ചവരുണ്ട്. എന്തായാലും, പോസ്റ്റ് വൈറലായി കഴിഞ്ഞു.
