
ലക്കനൗ: യുവതിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്തി. ചന്ദ്രന്‍ ബിന്ദ് (24) നെയാണ് യുവതിയുടെ സഹോദരനും ബന്ധുവും കൂടി കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ ബല്ലിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രനെ ബല്ലിയയിലെ ഒരു ഗോതമ്പ് പാടത്തിലേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെടുക്കുന്നത്. കേസില്‍ സുരേന്ദ്ര, രോഹിത്ത് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായും കൊല ചെയ്യാന്‍ ഉപയോഗിച്ച മൂന്ന് കത്തികള്‍ കണ്ടെടുത്തായും പൊലീസ് പറഞ്ഞു. ഫോട്ടോഗ്രാഫറായ ചന്ദ്രനും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. വിവാഹത്തിന് ശേഷം അത് തുടരാന്‍ യുവതി ആഗ്രഹിച്ചില്ല. യുവതിയുടെ എതിര്‍പ്പ് വകവെക്കാതെ ചന്ദ്രന്‍ യുവതിയെ ഫോണ്‍ ചെയ്യുകയും ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തി കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രനെ കാണാന്‍ യുവതി തയ്യാറായില്ല. ഈ എതിര്‍ത്തതിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ചന്ദ്രന്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ യുവതി ഈ കാര്യം തന്‍റെ അടുത്ത ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ സഹോദരനും ബന്ധുവും കൂടി ചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
