ഇയാൾ ഇപ്പോഴും എന്റെ ഭർത്താവ്, പിന്നെങ്ങനെ ഈ കല്ല്യാണം നടക്കുമെന്ന് ആദ്യഭാര്യ; വിവാഹവീട്ടില്‍ നാടകീയസംഭവങ്ങള്‍

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഒരു വിവാഹചടങ്ങിൽ ഉണ്ടായത് അതിനാടകീയ സംഭവങ്ങൾ. ചടങ്ങുകൾ നടന്നു കൊണ്ടിരിക്കെ വരന്റെ ആദ്യഭാര്യ കടന്നു വരികയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു. തങ്ങൾ ഇപ്പോഴും വിവാഹിതരാണ് എന്ന് പറഞ്ഞായിരുന്നു യുവതി എത്തിയത്. സംഭവം അതിഥികളെയും അമ്പരപ്പിച്ചു. എന്തായാലും സംഗതി വഷളായതോടെ പൊലീസിനെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വരൻ വിവാഹവേഷത്തിൽ വേദിയിലെത്തി. വധുവും ചുവന്ന വിവാഹവസ്ത്രങ്ങളൊക്കെ ധരിച്ച് ചടങ്ങിന് തയ്യാറായി. എന്നാൽ, ആ സമയത്താണ് വരന്റെ ആദ്യഭാര്യയുടെ രംഗപ്രവേശം ഉണ്ടായത്. അവർ ഉച്ചത്തിൽ ബഹളം വച്ചുകൊണ്ടാണ് വന്നത്. ഇയാൾ ഇപ്പോഴും എന്റെ ഭർത്താവാണ്, പിന്നെങ്ങനെയാണ് ഈ കല്ല്യാണം നടക്കുക എന്നാണ് യുവതി ചോദിച്ചത്. അതോടെ വിവാഹത്തിന്റെ ചടങ്ങുകൾ നിർത്തിവച്ചു. ആകെ ബഹളമായി. തങ്ങൾ ഇപ്പോഴും നിയമപരമായി ഭാര്യാഭർത്താക്കന്മാർ ആണെന്നും അതിനാൽ ഈ വിവാഹം നടക്കില്ല എന്നും യുവതി ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ സംഗതി കൈവിട്ട് പോയി എന്ന് തോന്നിയതോടെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഒടുവിൽ പൊലീസെത്തി യുവതിയെ ശാന്തമാക്കാൻ ശ്രമിച്ചു. ഒരുപാട് നേരത്തെ അനുനയശ്രമങ്ങൾക്കൊടുവിലാണ് യുവതി അവിടെ നിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കിയതത്രെ. വരനായ ഉപേന്ദ്ര സിംഗ് പരിഹാറിന്റെ രണ്ടാം വിവാഹമാണ് ഇത്. അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ നേഹ പരിഹാർ ആണ് വിവാഹത്തെ കുറിച്ച് അറിഞ്ഞ് ഇവിടെ എത്തിയത്. തങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പറഞ്ഞുകൊണ്ട് അവർ വിവാഹം തടസപ്പെടുത്താൻ നോക്കുകയായിരുന്നു. എന്നാൽ, 2012 നവംബർ 25 -ന് വിവാഹിതരായ ഇരുവരും 2024 ഒക്ടോബർ 16 -ന് നിയമപരമായി വിവാഹമോചനം നേടിയിരുന്നത്രെ. (ചിത്രം പ്രതീകാത്മകം)
