1,700 -ലധികം വാക്കുകളറിയാം, പക്ഷികളുടെ കൂട്ടത്തിലെ ബുദ്ധിമാൻ ഇവനാണ്, സ്വന്തം പേരിൽ ലോകറെക്കോർഡും

മനുഷ്യർ പറയുന്ന കാര്യങ്ങൾ അതേപടി ഏറ്റുപറയാൻ തത്തയ്ക്കുള്ളത്ര കഴിവ് മറ്റു ജന്തുജാലങ്ങൾക്ക് ഒന്നിനുമില്ല. അതുകൊണ്ടുതന്നെ തത്തകൾക്ക് മറ്റു പക്ഷികളേക്കാൾ അല്പം ബുദ്ധി കൂടുതലാണ് എന്ന് പറയാറുണ്ട്. എന്നാൽ, ബുദ്ധിയുടെ കാര്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന പക്ഷി ഏതാണ് അറിയാമോ? സ്വന്തം പേരിൽ ലോക റെക്കോർഡ് തന്നെ സ്വന്തമാക്കിയിട്ടുള്ള ഈ പക്ഷിക്ക് 1700 -ൽ അധികം വാക്കുകൾ പറയാൻ അറിയാം. തത്തകളുടെ കുടുംബത്തിൽ തന്നെ പെട്ട ഒരു ഓസ്ട്രേലിയൻ തത്തയാണ് ഈ ബുദ്ധിയുള്ള പക്ഷി. കാലിഫോർണിയയിലെ പെറ്റാലുമയിൽ നിന്നുള്ള പക്ക് എന്ന നീല ആൺ തത്തയാണ് പക്ഷികൾക്കിടയിലെ ഈ സെലിബ്രിറ്റി. അസാധാരണമായ പദ സമ്പത്തു കൊണ്ടാണ് ഈ തത്ത ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. 1995 -ലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ പക്ക് ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വാക്കുകളറിയുന്ന പക്ഷി എന്ന ടൈറ്റിലാണ് പക്ക് സ്വന്തമാക്കിയത്. 1,728 വാക്കുകൾ വരെ അറിയാനുള്ള അസാധാരണമായ കഴിവ് പക്കിനുണ്ടായിരുന്നു. പക്ഷിവിദഗ്ധരും മൃഗഡോക്ടർമാരും ഉൾപ്പടെ 21 സന്നദ്ധപ്രവർത്തകർ വ്യത്യസ്ത സെഷനുകളിൽ പക്ക് പറഞ്ഞത് ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വീഡിയോയിലും പകർത്തി. ആറുമാസത്തോളം എടുത്താണ് ഇത് പൂർത്തിയാക്കിയത്. അമേരിക്കൻ കേജ്- ബേർഡ് മാഗസിനും ബേർഡ് വേൾഡും പറയുന്നതനുസരിച്ച്, ശബ്ദങ്ങൾ അനുകരിക്കുക മാത്രം ചെയ്യുന്ന മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്തമായി, പക്കിന് യഥാർത്ഥ ശൈലികളും വാക്യങ്ങളും രൂപപ്പെടുത്താനുള്ള കഴിവുണ്ടായിരുന്നു. 1993 ലെ ക്രിസ്മസ് രാവിലെ പക്ക് കോഫി ടേബിളിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ, ‘ഇത് ക്രിസ്മസ് ആണ്’ എന്ന് പറഞ്ഞ ഒരു സംഭവം പക്കിന്റെ ഉടമ കാമിൽ ജോർദാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൗർഭാഗ്യകരം എന്ന് പറയട്ടെ പക്കിന്റെ ജീവിതം ഹ്രസ്വമായിരുന്നു. 1994 ഓഗസ്റ്റ് 25 ന് അഞ്ചാം വയസ്സിൽ ഗൊണാഡൽ ട്യൂമർ ബാധിച്ച് പക്ക് മരിച്ചു.
