Crime

ബാങ്കിൽ തിരക്ക് അഭിനയിച്ച് സ്ലിപ്പിൽ സീൽ വാങ്ങി, അത് മൊബൈൽ കടയിൽ കാണിച്ച് 1.80 ലക്ഷത്തിന്റെ ഫോണുമായി മുങ്ങി

തിരുവനന്തപുരം: ബാങ്ക് സ്ലിപ്പിലെ സീൽ കാണിച്ച് മൊബൈൽ കടയിലെ ജീവനക്കാരെ കബളിപ്പിച്ച യുവാവ് പിടിയിൽ. പണം അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് 1.80 ലക്ഷം രൂപയുടെ ഫോണുകളുമായി മുങ്ങിയ യുവാവാണ് പിടിയിലായത്. എന്നാൽ ഇയാൾ ആദ്യമായല്ല ഇത് ചെയ്യുന്നതന്നും കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളിൽ ഇത്തരം തട്ടിപ്പ് നടത്തിയതിന്റെ പതിനഞ്ചോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു. മലപ്പുറം സ്വദേശിയായ ഇജാസ് അഹമ്മദാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ പുതിയതായി ആരംഭിക്കുന്ന സ്വകാര്യ തുണി വ്യപാര കമ്പനിയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയ ഇജാസ് നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്‍ബി മൊബൈല്‍ ഷോപ്പിലായിരുന്നു ആദ്യം എത്തിയത്. റിയൽമെയുടെ ഒരേ പോലുള്ള ആറ് ഫോണുകൾ വേണമെന്ന് അറിയിച്ചു. കടയിലെ ജീവനക്കാർ ഫോണുകൾക്ക് ബില്ല് ചെയ്ത് നൽകി. പണം എച്ച്‍ഡിഎഫ്‍സി ബാങ്ക് വഴി അക്കൗണ്ടിൽ ഇടാമെന്ന് പറഞ്ഞ് ഇയാൾ ബില്ലുുമായി പുറത്തിറങ്ങി. പിന്നാലെ അക്കൗണ്ടിൽ പണം ട്രാൻസ്ഫർ ചെയ്തെന്ന് കാണിക്കുന്ന സ്ലിപ്പുമായി എത്തി. ആറ് ഫോണുകളുമെടുത്ത് പോവുകയും ചെയ്തു. അര മണിക്കൂർ കഴി‌ഞ്ഞും പണം അക്കൗണ്ടിൽ എത്താതായപ്പോഴാണ് ജീവനക്കാർ ബാങ്കിലെത്തി അന്വേഷിച്ചത്. ബാങ്കിൽ എത്തിയ ഇജാസ് അവിടെ തിരക്ക് അഭിനയിച്ചു. അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഫോം ഫിൽ ചെയ്ത് നൽകിയ ശേഷം പതുക്കെ തിരക്കൊഴിഞ്ഞ് ട്രാൻസ്ഫർ ചെയ്താൽ മതിയെന്ന് ജീവനക്കാരോട് പറയുകയും ഫോമിൽ സീൽ ചെയ്ത് വാങ്ങുകയും ചെയ്തു. ഇത് കാണിച്ചാണ് ഫോൺ വാങ്ങിക്കൊണ്ട് പോയത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തി ഇയാളെ കണ്ടത്തുകയായിരുന്നു. ഇജാസിനെ കഴിഞ്ഞ ദിവസം കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button