തംസ്അപ്പ് കുപ്പി കൈയിൽ, ഇടയ്ക്കിടെ കുടിച്ചു; അടുത്തിരുന്ന പെൺകുട്ടിക്ക് അസ്വസ്ഥത, കുപ്പിയിൽ മദ്യമെന്ന് ആക്ഷേപം

ദില്ലി: ഡൽഹി മെട്രോ കോച്ചിൽ ഒരാൾ ശീതളപാനീയത്തിന്‍റെ കുപ്പിയിലാക്കി മദ്യം കുടിച്ചതായി പരാതി. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു പ്രമുഖ കോളേജിലെ പ്രൊഫസറായ ഡോ. കവിത ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച ഒരു വൈറൽ പോസ്റ്റിലാണ് ഇക്കാര്യം ആരോപിച്ചിട്ടുള്ളത്. കോച്ചിനുള്ളിൽ ഒരാൾ തംസ്അപ്പ് കുപ്പിയുമായി സാധാരണപോലെ കുടിക്കുന്നത് കണ്ടുവെന്ന് അവർ പറഞ്ഞു. എന്നാൽ എന്തോ ഒരു പന്തികേട് തോന്നി. അത് തംസ്അപ്പ് അല്ലെന്ന് ആ മണം വ്യക്തമാക്കുന്നുണ്ടായിരുന്നു എന്നാണ് കവിത പറയുന്നത്. അയാളുടെ അടുത്ത് ഇരുന്ന ഒരു പെൺകുട്ടി അസ്വസ്ഥയായി കാണപ്പെട്ടു. രാവിലെ 9:20 ഓടെ അയാൾ ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിൽ ഇറങ്ങിയെന്നും കവിത കുറിച്ചു. ഡൽഹി മെട്രോയുടെ സാധാരണയായിട്ടുള്ള കർശനമായ സുരക്ഷാ പരിശോധനകൾ കണക്കിലെടുക്കുമ്പോൾ, ലഹരിയുടെ സ്വാധീനത്തിലുള്ള ഒരാൾ എങ്ങനെ മെട്രോയിൽ കയറിയെന്നാണ് കവിത ചോദിക്കുന്നത്. ഒരുപക്ഷേ ഇത് ഒരു ശ്രദ്ധക്കുറവായിരിക്കാം. പക്ഷേ, തിരക്കുള്ള സമയങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സഹയാത്രികർ എന്തു ചെയ്യണം എന്നും ചോദിക്കുന്ന കവിതയുടെ പോസ്റ്റ് ഓൺലൈനിൽ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ അവരുടെ ആശങ്കയോട് യോജിക്കുകയും സുരക്ഷാ ടിപ്പുകൾ പങ്കുവെക്കുകയും ചെയ്തപ്പോൾ, മറ്റുള്ളവർ അവരുടെ അനുമാനങ്ങളെ ചോദ്യം ചെയ്തു. “നിങ്ങൾ ഇങ്ങനെയെന്തെങ്കിലും കണ്ടാൽ, അധികൃതരെ അറിയിക്കുക. എല്ലാ കോച്ചുകളിലും ഹെൽപ്പ്ലൈൻ നമ്പറുകൾ ലഭ്യമാണ്. മിക്ക മെട്രോ സ്റ്റേഷനുകളിലും സിഐഎസ്എഫ് ഉദ്യോഗസ്ഥരുണ്ട്. മിണ്ടാതിരിക്കരുത്” – ഒരു ഉപയോക്താവ് പറഞ്ഞു. “എല്ലാവരും അത് മദ്യമാണെന്ന് അനുമാനിക്കുന്നു. അങ്ങനെയല്ലെങ്കിലോ? കണ്ടുനിന്നതിന് പകരം ആരെങ്കിലും അയാളെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, കാര്യം പരിശോധിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റ് മാത്രം സഹായിക്കില്ല” – എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
