തലയില്ല, കൈകൾ വെട്ടിമാറ്റിയ നിലയിൽ; കർണാടകയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പത്ത് സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: കർണാടകയിൽ യുവതിയുടെ ശരീരഭാഗങ്ങൾ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി. തുമാകരു ജില്ലയിൽ ആഗസ്റ്റ് ഏഴിനാണ് സംഭവം. തുംകുരു താലൂക്കിലെ ബെല്ലാവി നിവാസിയായ ലക്ഷ്മി ദേവമ്മ (42) ആണ് കൊല്ലപ്പെട്ടത്. കൈകളിലെയും മുഖത്തെയും ടാറ്റൂകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് മുറിഞ്ഞുപോയ കൈ റോഡിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്ന നിലയിൽ നായയെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു കൈ സമീപത്ത് നിന്ന് കണ്ടെത്തി. പിന്നീട് പൊലീസ് പരിശോധനയിൽ നഗരത്തിന്‍റെ പത്ത് വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ആന്തരിക അവയവങ്ങൾ ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളും ഒരു ബാഗും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ഒരു ദിവസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് തല കണ്ടെത്തിയത്. കൊലപതകം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതക കാരണവും പ്രതിയെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. 2022ലെ ശ്രദ്ധ വാക്കർ കേസിനെ ഓർമിപ്പിക്കുന്നതാണ് ഈ സംഭവം. 27 വയസ്സുള്ള സ്ത്രീയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹം ഡൽഹിയിലെ അടുത്തുള്ള വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ആഗസ്റ്റ് നാല് മുതൽ ലക്ഷ്മിദേവമ്മയെ കാണാനില്ലെന്ന് ഭർത്താവ് ബസവരാജു ബെല്ലാവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആഗസ്റ്റ് മൂന്നിന് മകളെ കാണാൻ പോയ ലക്ഷ്മിദേവമ്മയെ കാണാതാവുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
