
ദില്ലി: എതിരാളികളെ തന്ത്രപൂർവം ഒതുക്കി ദില്ലി കാലങ്ങളോളം ഭരിക്കാമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലം. അഴിമതി ആരോപണ കുരുക്കില്‍ നിന്ന് കെജ്രിവാളിന് കരകയറാന്‍ കഴിയാതെ പോയതും, അവസാന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കും ആപിന് വലിയ തിരിച്ചടിയായി. ദില്ലിയിലെ ഫലം പഞ്ചാബിലടക്കം ആപിന്റെ നിലനില്പിനെ ബാധിച്ചേക്കാം. ഇന്ത്യയിൽ ചുരുങ്ങിയ കാലം കൊണ്ട് വൻ വിജയം കണ്ട രാഷ്ട്രീയ സ്റ്റാർട്ടപ്പും ദേശീയ രാഷ്ട്രീയത്തിൽ പുതുമാറ്റം കൊണ്ടു വന്ന പ്രസ്ഥാനവുമായിരുന്നു എഎപി. അഴിമതിക്കെതിരെ ഇന്ത്യ എന്ന മുന്നേറ്റത്തിന് 2011ൽ രാജ്യതലസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ തുടക്കമിടുമ്പോൾ കൂടെ ജനങ്ങൾക്കിടയിൽ നല്ല പ്രതിച്ഛായയുള്ള ഒട്ടേറെ പൗരാവകാശ പോരാളികളുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വേഗത്തിൽ ഈ മുന്നേറ്റം രാഷ്ട്രീയപാർട്ടിയായും പിന്നീട് സർക്കാറായും മാറുമ്പോൾ ആ മുഖങ്ങളോരോന്നായി അപ്രത്യക്ഷമായി ഒരാളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. അധികാരം നിലനിർത്താൻ ഏത് നാടകവും കളിക്കാൻ മടിയില്ലാത്ത കെജ്രിവാളിന്റെ ശൈലിക്കൊപ്പം നിന്നവർ മാത്രമാണ് പിന്നീട് ആംആദ്മി പാർട്ടിയിൽ നിർണായക പദവികളിലുമെത്തിയത്. ദില്ലി പിടിച്ച അതേ വേഗത്തിൽ മറ്റിടങ്ങളിലേക്കും പാര്‍ട്ടിയെ വ്യാപിപ്പിക്കാൻ അരവിന്ദ് കെജ്രിവാള് വലിയ പരിശ്രമം നടത്തി. 2014 ൽ നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ച് ബിജെപിക്ക് ദേശീയ ബദലാകാൻ നോക്കി. ദില്ലിയാണ് തൽക്കാലം പാർട്ടിയുടെ തട്ടകം എന്ന് കെജ്രിവാൾ പിന്നീട് മനസ്സിലാക്കി. ദില്ലിയിലെ വിജയം നൽകിയ ഊർജ്ജം പഞ്ചാബിലേയും സർക്കാരിലേക്ക് നയിച്ചു. ഗോവയിലും, ഗുജറാത്തിലുമൊക്കെ ബിജെപിക്കെതിരെ ദില്ലി മോഡൽ നീക്കം നടത്തി. പഞ്ചാബ് – ഗോവ തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിനായുള്ള പണം സംഘടിപ്പിക്കാൻ മദ്യകമ്പനികൾക്കുവേണ്ടി ദില്ലിയിലെ മദ്യനയം മാറ്റിയെന്ന കേസിലാണ് കെജ്രിവാളടക്കം പ്രധാന നേതാക്കളോരോന്നായി അഴിക്കുള്ളിലായത്. ഔദ്യോഗിക വസതി കൊട്ടാരം കണക്ക് മോടിപിടിപ്പിക്കാൻ കെജ്രിവാൾ കോടികൾ മുടക്കിയെന്ന ഗുരുതര ആരോപണവും, അതിന് കൃത്യമായ മറുപടി നൽകാൻ എഎപിക്ക് കഴിയാത്തതും ഈ തെരഞ്ഞെടുപ്പിൽ നിർണായകയമായി. സൗജന്യങ്ങൾക്കൊപ്പം അഴിമതി വിരുദ്ധ പ്രതിച്ഛായ ആണ് കെജ്രിവാളിനെ ഇതുവരെ നിലനിറുത്തിയത്. എന്നാൽ മദ്യനയ കേസ് ഇടത്തരക്കാർക്കിടയിൽ കെജ്രിവാളിനുണ്ടായിരുന്ന ആ അഴിമതി രഹിത പ്രതിച്ഛായ ഇടിച്ചു. ദില്ലിയിൽ സർക്കാർ സ്കൂളുകൾ നന്നാക്കിയെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ പത്തു വർഷം അധികാരത്തിലിരുന്ന കെജ്രിവാൾ പരാജയപ്പെട്ടു. ബിജെപി കഴിഞ്ഞ പത്തു കൊല്ലവും കെജ്രിവാളിനെ തകർക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനുള്ള എല്ലാ അടവും കെജ്രിവാളും പുറത്തെടുത്തു. തോറ്റെങ്കിലും ദില്ലിയിൽ ബിജെപിക്ക് ബദൽ തന്നെയെന്ന് തൽക്കാലം തെളിയിക്കാൻ കെജ്രിവാളിനായിരിക്കുന്നു. എന്നാൽ ആശയ അടിത്തറ ഒന്നുമില്ലാത്ത കെജ്രിവാളിൻറെ പാർട്ടി എത്ര കാലം അധികാരത്തിനു പുറത്ത് തകരാതെ നിൽക്കും എന്നതാണ് ചോദ്യം. ബിജെപിക്കൊപ്പം കോൺഗ്രസും കെജ്രിവാളിൻ്റെ ഇടം ഇടിക്കാനുള്ള നിരന്തര ശ്രമം ഇനി നടത്തും. കൂടുതൽ കേസുകളിൽ കെജ്രിവാളിനെ കുടുക്കാനും ബിജെപി തയ്യാറെടുക്കുകയാണ്. അധികാരം നഷ്ട്മായെങ്കിലും കെജ്രിവാളിനെ എഴുതി തള്ളാൻ എന്തായാലും കഴിയില്ല. എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം പോലും മോഹിച്ച് കെജ്രിവാൾ നടത്തിയ നീക്കങ്ങൾക്കാണ് ദില്ലിയിലെ ജനത തൽക്കാലം കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്.
