മഴ: കേരള – തമിഴ്നാട് അതിർത്തിയിൽ ആറുകൾ കരകവിഞ്ഞു; പാലരുവിയിൽ നിയന്ത്രണം

തെന്മല : കേരള – തമിഴ്നാട് അതിർത്തികളിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കായിരുന്നു. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
അച്ചൻകോവിലിലേക്കുള്ള കെഎസ്ആർടിസി ബസുകളും ശബരിമല തീർഥാടകരുടെ വാഹനങ്ങളും വഴി കടക്കാനാകാതെ പെരുവഴിയിലായി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. കുളത്തൂപ്പുഴയിൽ കനത്ത മഴയിൽ കല്ലടയാർ കരകവിഞ്ഞൊഴുകി. തീരങ്ങളിലേക്കു വെള്ളം കയറി കൃഷിയിടങ്ങൾ മുങ്ങി. ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കല്ലടയാർ കടവുകളിലും കരകവിഞ്ഞൊഴുകി.
കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ തെന്മല-പരപ്പാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.