സംസ്ഥാനത്ത് മഴ കനക്കുന്നു; 3 ജില്ലകളൊഴികെ 11 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ


തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി പത്തനംതിട്ട ജില്ലയിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവധിയില്ല. ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാഗികമായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വൈകിട്ട് ആറര വരെ മലപ്പുറം, വയനാട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകമാണ്.
കണ്ണൂരിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂൺ 16 തിങ്കളാഴ്ച (16/06/2025) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് സ്കൂളുകള്‍ക്ക് അവധി
ജൂൺ 16 തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
മലപ്പുറം
അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കാസര്‍കോട്
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ച കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി ആയിരിക്കും.
വയനാട്
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് തിങ്കളാഴ്ച (16/06/2025) ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല)
തൃശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തിങ്കളാഴ്ച (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നഴ്സറികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, പ്ലസ് വൺ പ്രവേശന പ്രക്രിയകൾ നിശ്ചയിച്ച തീയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ തിങ്കളാഴ്ച(16) പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
പാലക്കാട്
പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച അവധി. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂൺ 16) അവധിയായിരിക്കും.
കോട്ടയം
കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.