
നാഗ്പൂർ: മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 43 കാരനെ ശിക്ഷിച്ച പോക്സോ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. 14 വയസ്സ് തികയുന്നതുവരെ ഏഴ് വർഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 43-കാരനെ അമരാവതി പോക്‌സോ കോടതി ശിക്ഷിച്ച് ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അസാധുവാക്കി. മകളുടെ പ്രണയബന്ധത്തെ പിതാവ് എതിർത്തതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് ജസ്റ്റിസ് ഗോവിന്ദ സനപ് അഭിപ്രായപ്പെട്ടു. കുട്ടിയുടെ മുത്തശ്ശിയാണ് പിതാവിനെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്തത്. പിതാവിനെതിരെ കേസ് നൽകിയതിന് പിന്നാലെ, മകൾ കാമുകനെ വിവാഹം കഴിച്ചെന്നും കോടതി കണ്ടെത്തി. സാധാരണ സാഹചര്യങ്ങളിൽ, ഒരു മകൾ അച്ഛനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല എന്നത് ശരിയാണ്. ഒരു പിതാവും മകളെ ലൈംഗികമായി പീഡിപ്പിക്കുകയുമില്ല. എങ്കിലും മനുഷ്യൻ്റെ മനഃശാസ്ത്രവും പ്രവണതയും കണക്കിലെടുക്കുമ്പോൾ തെറ്റുകൾ സംഭവിക്കാമെന്നും കോടതി വ്യക്തമാക്കി. പിതാവിന് 10 വർഷം തടവും 5,000 രൂപ പിഴയുമായിരുന്നു പോക്സോ കോടതി വിധിച്ചത്. മകളുടെ ബന്ധം പിതാവ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് അച്ഛനും മകൾക്കുമിടയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായി. കാമുകനെ വിവാഹം കഴിക്കാനായിരിക്കാം പിതാവിനെതിരെ തെറ്റായ പരാതി നൽകാൻ മകളെ പ്രേരിപ്പിച്ചതെന്നും ജഡ്ജി പറഞ്ഞു. മകളുടെ മൊഴിയല്ലാതെ, പിതാവിനെതിരെ മറ്റ് തെളിവുകളൊന്നുമുണ്ടായിരുന്നില്ല. മകളുടെ ആരോപണമനുസരിച്ച് പിതാവ് മദ്യത്തിന് അടിമയാണെന്ന് അനുമാനിച്ചാലും, അത് പ്രോസിക്യൂഷന് അനുകൂലമാകില്ല. പിതാവ് തന്റെ ക്ഷേമം നോക്കിയില്ലെന്ന് മകൾ ഒരിടത്തും പറഞ്ഞില്ലെന്നും കോടതി പറഞ്ഞു. അമ്മയുടെ അഭാവത്തിൽ മകളെ ഇത്രയും കാലം നോക്കിയ പിതാന് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ല. കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു അദ്ദേഹം. കുടുംബം പുലർത്താൻ കഠിനമായി അധ്വാനിച്ചിരിക്കണമെന്നും ജഡ്ജി പറഞ്ഞു.
