പെട്രോള്‍ പമ്പുകളിലെ ശുചിമുറി എല്ലാവർക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറി എല്ലാവർക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകേണ്ടതില്ലെന്ന ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഭേദഗതി വരുത്തിയത്.
ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശുചിമുറി ഉപയോഗിക്കാമെന്നും സുരക്ഷാപ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമേ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുസൗകര്യം അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്.
പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പിറപ്പെടുവിച്ചത്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും സമാനമായ പ്രവേശനം നല്‍കണമെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
