
മലപ്പുറം: കിഴിശ്ശേരിയിൽ മഞ്ചേരി റോഡിൽ ഗുഡ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. ഇന്നലെ രാത്രി ഇസ്സത് സ്‌കൂളിന്‍റെ സമീപമായിരുന്നു സംഭവം. കിഴിശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഗുഡ്‌സ് ഓട്ടോകൊണ്ട് ഇടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അഹദുൽ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. രാത്രി ബന്ധുവിനോടൊത്ത് നടന്നുപോവുകയായിരുന്നു മരിച്ച അഹദുൽ ഇസ്ലാം. ഇടിയേറ്റ് റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികൾ പറയുന്നു. നിർമാണത്തൊഴിലാളിയാണ് മരിച്ച അഹദുൽ ഇസ്ലാം. 15 വർഷമായി പ്രദേശത്ത് താമസിക്കുന്നയാളാണ് പ്രതി ഗുൽസാർ ഹുസൈൻ. ഇരുവരും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്നാണ് അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോയിടിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഗുൽസാർ ഹുസൈനെ അരീക്കോടിനടുത്ത് വാവൂരിൽ വെച്ചാണ് രാത്രി ഒരു മണിയോടെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
