Kerala

മുഴുവൻ ഭവന രഹിതർക്കും വീട്’; ലൈഫ്‌ പദ്ധതിയ്ക്ക് 100 കോടി രൂപ അനുവദിച്ചു, ഇതുവരെ ചെലവഴിച്ചത് 5684 കോടി രൂപ

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകിയാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും സുരക്ഷിതമായ വീട്‌ ഉറപ്പാക്കുന്ന ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌.എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്‌. 5,38,518 കുടുംബങ്ങൾക്കാണ്‌ ലൈഫ്‌ മിഷനിൽ വീട്‌ ഉറപ്പാക്കുന്നത്‌. 2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ലൈഫ് മിഷൻ പദ്ധതിയിൽ  അഞ്ച് ലക്ഷത്തിലധികം വീടുകളാണ് ( 5,00,038 വീടുകൾ) അനുവദിച്ചിട്ടുള്ളതെന്ന് സർക്കാര്‍ കണക്കുകൾ രേഖപ്പെടുത്തിയിരുന്നു.  3,85,145 വീടുകളുടെ നിർമാണമാണ് മാർച്ച് വരെയുള്ള സമയത്ത് പൂർത്തിയായത്. 1,14,893 വീടുകളുടെ നിർമാണം നടന്നുവരികയാണെന്നും അന്ന് കണക്കുകൾ പുറത്തു വിട്ടിരുന്നു. അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്. ഇവർക്ക് പുറമെ പട്ടികജാതി-പട്ടികവർഗക്കാർ,  ഭിന്നശേഷിക്കാര്‍, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറുകയാണ്. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിർമ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റിൽ 2024 മാർച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാർ വെച്ച വീടുകൾ പൂർത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button