Entertaiment

ഹണി റോസ് ചിത്രം ‘റേച്ചല്‍’ റിലീസ് മാറ്റി; ‘ബോചെ’ വിവാദമല്ല കാരണം, കാരണം ഇതാണ് !

കൊച്ചി:  ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന റേച്ചല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി. നിര്‍മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമത്തിലൂടെ ഇത് അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു.  നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ സെന്‍സറിംഗ് അടക്കം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ചിത്രത്തിന്‍റെ റിലീസുമായി ബന്ധമില്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു.  ‘റേച്ചലിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം. ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും,’ എന്‍ എം ബാദുഷയുടെ പോസ്റ്റില്‍ പറയുന്നു.   പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍  എന്ന് അടിവരയിടുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ ഇറങ്ങിയിരുന്നു.  ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button