Business

ലോണും, ക്രെഡിറ്റ് കാർഡും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതെങ്ങനെ ?

സാധാരണക്കാരായ ആളുകളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വാക്കാണ് ക്രെഡിറ്റ് സ്കോർ എന്നത്. ക്രെഡിറ്റ് സ്കോറും ലോണും തമ്മിലുള്ള ബന്ധമാണ് ഇതിനു കാരണമെന്ന് നമ്മൾക്കറിയാം. സാമാന്യം ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിലേ വായ്പയ്ക്ക് വേണ്ടി ബാങ്കുകൾ നിങ്ങളെ പരി​ഗണിക്കുകയെങ്കിലുമുള്ളൂ. കൂടാതെ പലിശ നിരക്കുകളെപ്പോലും ക്രെഡിറ്റ് സ്കോർ സ്വാധീനിക്കുകയും ചെയ്യും. വായ്പ തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷിയെയും നിങ്ങളുടെ സാമ്പത്തിക ശീലങ്ങളെയും ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ സഹായിക്കുന്നത് ക്രെഡിറ്റ് സ്കോറാണെന്ന് ഒറ്റ വാചകത്തിൽ പറയാം.  ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇഷ്യൂ ചെയ്യുന്ന സ്കോറിനെയാണ് സിബിൽ സ്കോർ എന്ന് പറയുന്നത്. ഇക്യുഫാക്സ്,എക്സ്പീരിയൻ തുടങ്ങിയവ ഇതു പോലെ മറ്റു ക്രെഡിറ്റ് ബ്യൂറോകൾ ആണ്. ഒരു മൂന്നക്ക സംഖ്യയുടെ വാല്യൂ ആണ് ഇവിടെ കണക്കാക്കുന്നത്. ‌300 മുതൽ 850 വരെയാണ് സാധാരണ ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കാറുള്ളത്. ഇതിൽ 670 മുതൽ 739 വരെയുളള ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ​ഗുഡ് എന്ന കാറ്റ​ഗറിയിലും, അതേ സമയം 740 ന് മുകളിൽ ഉണ്ടെങ്കിൽ മികച്ച സ്കോർ ആയും കണക്കു കൂട്ടുന്നു.  ജീവിതത്തിലെ ഏതെങ്കിലും സാഹചര്യത്തിൽ‍ ക്രെഡിറ്റ് സ്കോർ ഇടിയുകയോ ലോണിനായി നിങ്ങൾ ബുദ്ധിമുട്ടുകയോ ചെയ്തിട്ടുണ്ടോ? നിങ്ങളല്ലെങ്കിലും നിങ്ങളുടെ പരിചയത്തിലെങ്കിലും അങ്ങനെയൊരാൾ ഉണ്ടാകും. എങ്ങനെ ക്രെഡിറ്റ് സ്കോർ ഉയർത്താം? നമ്മുടെ സാമ്പത്തിക ശീലങ്ങളിലും ചിട്ടകളിലും ഇതിനായി എന്തൊക്കെ മാറ്റം വരുത്തണം ? നോക്കാം..  അടവുകൾ കൃത്യമായി തീർക്കുക എല്ലാ ഇഎംഐകളും കൃത്യമായി അടച്ചു തീർക്കുക എന്നുള്ളത് തന്നെയാണ് ഇതിന് ആദ്യം വേണ്ടത്. ബാങ്കിൽ നിന്നെടുത്ത വായ്പ ആയാലും നിങ്ങളുടെ ക്രെഡിറ്റ് കാർഡിലോ ഡെബിറ്റ് കാർഡിലോ പർച്ചേസ് ചെയ്ത ഒരു സാധനത്തിന്റെ ഇഎംഐ ആണെങ്കിൽപ്പോലും പിന്നേക്ക് വക്കാതിരിക്കുക. കൃത്യസമയത്ത് ഡ്യൂ അടയ്ക്കുന്ന, സാമ്പത്തിക അച്ചടക്കമുള്ള ഒരാളാണ് നിങ്ങളെന്ന് കാണിക്കാനുള്ള ആദ്യ മാർവും ഇത് തന്നെയാണ്. ക്രെഡിറ്റ് യൂട്ടിലൈസേഷൻ ക്രെഡിറ്റ് കാർ‌ഡ് ഉള്ള മിക്കയാളുകളുടെയും ധാരണ മാസം മുഴുവൻ അത് വച്ച് ഓടിക്കാം എന്നുള്ളതാണ്. എന്നാൽ പരമാവധി ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുക എന്ന രീതി തെറ്റാണ്. ഉദാഹരണത്തിന് നിങ്ങളുടെ കയ്യിലുള്ളത് ഫ്യുവൽ കാർഡ് ആണെങ്കിൽ ഇന്ധനാവശ്യത്തിന് അത് ഉപയോ​ഗിക്കുന്നത് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങൾക്കും അതേ കാർഡ് തന്നെ ഉപയോ​ഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് കാർഡിലെ ലിമിറ്റിന്റെ 70 ശതമാനത്തിനു മുകളിലേക്ക് നിങ്ങളുടെ ഉപയോ​ഗം വരുന്നില്ല എന്നത് ഉറപ്പു വരുത്തണം. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാൽ ഇത് നിങ്ങളുടെ സ്കോറിനെ ബാധിച്ചേക്കാം. ക്രെഡിറ്റ് കാർഡുകളെപ്പറ്റി അന്വേഷിക്കേണ്ട ! വിവിധ ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് കാർഡുകളെപ്പറ്റി അന്വേഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഓൺലൈനിൽ എൻക്വയറി നടത്തുന്നതും ഒന്നിലധികം കാർഡുകൾ ഉണ്ടായിരിക്കുന്നതും ശ്രദ്ധിച്ചു വേണം. കയ്യിൽ ഉള്ള കാർഡുകളെല്ലാം കൃത്യമായി മാനേജ് ചെയ്തു കൊണ്ടു പോകാൻ പറ്റുമെന്ന ഉറപ്പും വേണം. കഴിവതും ക്രെഡിറ്റ് കാർഡുകളുടെയും ലോണുകളുടെയും എണ്ണം കുറക്കുക എന്നതാണ് ആദ്യ വഴി.  ലോണുകളെടുക്കുമ്പോൾ സൂക്ഷിക്കണം ചെറിയ ചെറിയ ആവശ്യങ്ങൾക്കു പോലും ഓടിപ്പോയി പേഴ്സണൽ ലോൺ എടുക്കുന്ന ഒരു പ്രവണത നമ്മളിൽ പലർക്കും ഉണ്ട്. ഒരു ലോൺ തീരുമ്പോഴേക്കും അടുത്തതെന്ന രീതിയിൽ. ലോണെടുത്ത് കൃത്യമായി അടച്ചു തീർക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കൂട്ടുമെന്നുള്ളത് ശരിയാണ്. എന്നാൽ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ലോണെടുത്തു കൂട്ടുന്നത് നെ​ഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാക്കുക.  ബാധ്യതകൾ പെട്ടെന്ന് തീർക്കുക നിങ്ങൾ അടച്ചു തീർക്കാത്തതോ, കുടിശ്ശികയുള്ളതോ ആയ ബാധ്യതകൾ പെട്ടെന്ന് തീർക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സഹായിക്കും. എത്രയും പെട്ടെന്ന് ഇത് തീർപ്പാക്കേണ്ടതാണ്. ഇത് കൂടാതെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പിശകുകള്‍ സ്കോറിനെ ഗുരുതരമായി ബാധിച്ചേക്കാം. ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുകയും  സ്കോര്‍ കൃത്യമാണെന്നും ഉറപ്പിക്കുകയും ചെയ്യുക.  വളരെ ബേസിക് ആയ ഇത്തരം കാര്യങ്ങൾ ചെയ്താൽത്തന്നെ ക്രെഡിറ്റ് സ്കോറിൽ കൃത്യമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. നിങ്ങൾ സാമ്പത്തിക അച്ചടക്കമുള്ളയാളാണെന്ന് ബാങ്കുകളെ ധരിപ്പിക്കുക എന്നതിലാണ് കാര്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button