KeralaSpot lightTravel

അടിയന്തര സാഹചര്യങ്ങളിൽ വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും? വലിക്കാൻ ഇതിൽ ചങ്ങലയുണ്ടോ? ഇനി സംശയം വേണ്ട

അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ നിർത്തണമെങ്കിൽ ചങ്ങല വലിക്കുക എന്ന പരമ്പരാഗത രീതിയാണ് ഇന്ത്യയിലെ ട്രെയിനുകളിൽ പിന്തുടർന്നു പോരുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും യാത്രക്കാർ ചങ്ങല വലിക്കുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക് എന്നും തലവേദനയായിരുന്നു. എന്നാൽ, വന്ദേ ഭാരതിന്റെ വരവോടെ കാര്യങ്ങൾ മാറി.  യാത്രക്കാർക്ക് മെച്ചപ്പെട്ട സൌകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമായി ട്രാക്കിലിറങ്ങിയ വന്ദേ ഭാരത് ട്രെയിനുകൾ മറ്റ് ട്രെയിനുകളേക്കാൾ എല്ലാം കൊണ്ടും ഒരുപടി മുകളിലാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. സമയ ലാഭത്തിന്റെ കാര്യത്തിലും വന്ദേ ഭാരതാണ് കേമൻ. സാധാരണയായി 10-14 മണിക്കൂർ ആവശ്യമായ യാത്രകൾക്ക് വന്ദേ ഭാരതിൽ പരമാവധി 8 മണിക്കൂർ മാത്രം മതി. ടിക്കറ്റ് നിരക്ക് അൽപ്പം കൂടുതലാണെങ്കിലും മികച്ച സേവനം കാരണം യാത്രക്കാർക്ക് പരാതിയുമില്ല. ഇനി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി എത്തുന്നതോടെ ജനപ്രീതിയേറുമെന്ന് ഉറപ്പായിരിക്കുകയാണ്.  വന്ദേ ഭാരത് ട്രെയിനിൽ യാത്രയ്ക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ എന്ത് ചെയ്യും എന്ന സംശയം മിക്കവരിലുമുണ്ട്. വന്ദേ ഭാരത് നിർത്താൻ ചങ്ങല വലിച്ചാൽ മതിയോ എന്നതിനാണ് ഉത്തരം വേണ്ടത്. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ട്രെയിൻ നിർത്താനായി വന്ദേ ഭാരതിൽ ചങ്ങലയില്ല എന്നതാണ് വസ്തുത. പിന്നെ എങ്ങനെ ട്രെയിൻ നിർത്തും എന്നല്ലേ?  മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റർ വേഗതയിൽ വരെ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പെട്ടന്ന് നിര്‍ത്തുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിൻ നിർത്തണമെങ്കിലോ അധികൃതരെ വിവരമറിയിക്കണമെങ്കിലോ യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി ബന്ധപ്പെടാൻ അലാറം സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. അലാറം ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്യാമറയും മൈക്കും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അലാറം മുഴക്കിയാൽ ലോക്കോ പൈലറ്റിന് സിഗ്നൽ ലഭിക്കും. ക്യാമറ വഴി ലോക്കോ പൈലറ്റിന് നിങ്ങളെ കാണാനും സംസാരിക്കാനും കഴിയും. അടിയന്തര സാഹചര്യമാണെന്ന് ലോക്കോ പൈലറ്റിന് ബോധ്യപ്പെട്ടാൽ ട്രെയിൻ നിർത്തും. അനാവശ്യമായി അലാറം മുഴക്കുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button